ബെംഗളൂരു: ക്ഷേത്രദർശനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ തുമകൂരു എം.എൽ.എ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ ഗൗഡയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. പാണ്ഡവപുര താലൂക്കിലെ ക്യാതനഹള്ളി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 12-ന് ഭീമന അമാവാസി ദിനത്തിൽ പാണ്ഡവപുര താലൂക്കിലെ പ്രസിദ്ധമായ ആരതി ഉക്കടയിലെ അഹല്യാദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ തടിച്ചുകൂടിയിരുന്നത്. ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെത്തിയ ഐശ്വര്യ, സ്വാധീനം ഉപയോഗിച്ച് വി.ഐ.പി (VIP) പ്രവേശനം നേടുകയായിരുന്നു.
ശ്രീകോവിലിനുള്ളിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് ഇവർ മണ്ഡ്യ വനിതാ പോലീസ് സ്റ്റേഷനിലെ പി.എസ്.ഐ ബി. സവിതയോട് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ലക്ഷ്മിയോടും ഇവർ കയർത്തു സംസാരിച്ചു. തർക്കത്തിനിടയിൽ ഐശ്വര്യ ഗൗഡ കോപാകുലയായി പി.എസ്.ഐ സവിതയുടെ കരണത്തടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് അർദ്ധരാത്രി 12 മണിയോടെ പി.എസ്.ഐ സവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐശ്വര്യയ്ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിനു ശേഷം എതിർപരാതി നൽകാനായി ഐശ്വര്യയും സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി നൽകാതെ പുലർച്ചെ ഒരു മണിയോടെ മടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
