തൃപ്പൂണിത്തുറ: വിഖ്യാത ഭാരതീയ ആധ്യാത്മിക പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും സിഎസ്ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ ഗോപാലകൃഷ്ണൻ (67) അന്തരിച്ചു. സംസ്കാരം ഇന്നു 11നു മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിൽ. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടോടെ അന്ത്യം സംഭവിച്ചു.
ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള അഗാധ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കി. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനാണ്. രാജ്യത്തും അൻപതിലേറെ വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിനു പ്രഭാഷണങ്ങൾ നടത്തി. ഫാർമക്കോളജി കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം പിഎച്ച്ഡിയും സംസ്കൃതത്തിൽ ഡിലിറ്റും നേടി. നൂറ്റൻപതിലേറെ പുസ്തകങ്ങൾ രചിച്ചു. ഭാരതീയ വിചാരധാര, ഭാരതീയ ഈശ്വരസങ്കൽപം തുടങ്ങിയവ പ്രമുഖ കൃതികളാണ്.
1999ൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം പിന്നീടു തൃശൂർ കേച്ചേരി മഴുവഞ്ചേരിയിലേക്കു മാറ്റി.
തൃപ്പൂണിത്തുറ കുഴുപ്പിള്ളി നാരായണന്‍ എബ്രാന്തിരി-സത്യഭാമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണിയാണു ഭാര്യ. മക്കൾ: ഹരീഷ് (ഐടി ഉദ്യോഗസ്ഥൻ, ബെംഗളൂരു), ഹേമ. മരുമകൻ: ആനന്ദ് (ഐടി ഉദ്യോഗസ്ഥൻ).
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.