ബെംഗളൂരു: കർണാടക നിയമസഭാ മന്ദിരമായ വിധാൻ സൗധയിൽ സ്ഫോടനം നടക്കുന്നതായി ചിത്രീകരിച്ച് നിർമിത ബുദ്ധി (AI) ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ബിഹാറിലെ അരാരിയ ജില്ലയിലെ കോശ്കിപൂർ സ്വദേശിയായ ഹസ്രത്ത് അലി (25) ആണ് ബംഗളൂരു പോലീസിന്റെ പിടിയിലായത്. കുറേ മാസങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ ജോലിക്കായി എത്തിയ ഇയാൾ പൈപ്പ് ഇൻസ്റ്റാളേഷൻ ജോലികൾ ചെയ്തുവരികയായിരുന്നു.
‘jnx__king__h_g’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ‘വിധാൻ സൗധ സ്ഫോടനത്തിൽ തകർന്നു’ എന്ന വ്യാജ അവകാശവാദത്തോടെ വീഡിയോ പ്രചരിപ്പിച്ചത്. വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന് തോക്ക് ചൂന്നുന്നതുപോലെയുള്ള ആംഗ്യം കാണിച്ച് നിൽക്കുന്ന യുവാവും, തൊട്ടുപിന്നാലെ കെട്ടിടത്തിൽ സ്ഫോടനം നടന്ന് തകരുന്നതുമായ ദൃശ്യങ്ങളുമാണ് എഐ സഹായത്തോടെ ഡിജിറ്റലായി എഡിറ്റ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തത്.
സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനിടയിൽ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട വിധാൻ സൗധ പോലീസ് ചൊവ്വാഴ്ച സ്വമേധയാ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പൊതുജനങ്ങളിൽ ഭയവും ആശങ്കയും പരത്തുന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 353 പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
