ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ വന്യജീവി കേന്ദ്രങ്ങളിലെ സുരക്ഷയും പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനങ്ങളുമായി കർണാടക വനംവകുപ്പ്. പ്രശസ്തമായ ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ മുഴുവൻ സഫാരി വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിത ഉപകരണങ്ങളും ട്രാക്കറുകളും ഘടിപ്പിച്ചു. സഫാരി സമയത്ത് ജീവനക്കാർ നിശ്ചിത റൂട്ടുകൾ മാറ്റി യാത്ര ചെയ്യുന്നതായും അനുവദിച്ച സമയത്തിൽ കൂടുതൽ വൈകുന്നതായും വിനോദസഞ്ചാരികളിൽ നിന്നും ഉന്നത വനം ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ജിപിഎസ് ട്രാക്കിംഗ് നിലവിൽ വന്നതോടെ സഫാരി വാഹനങ്ങളുടെ സഞ്ചാരപാതയും സമയവും കൃത്യമായി നിരീക്ഷിക്കാൻ വനംവകുപ്പിന് സാധിക്കും.
അതോടൊപ്പം വന്യജീവി സംരക്ഷണവും വിനോദസഞ്ചാരികളുടെ സുരക്ഷയും മുൻനിർത്തി മറ്റ് പ്രധാന മാർഗ്ഗനിർദ്ദേശങ്ങളും വനംവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശിവമൊഗ്ഗയിലെ പ്രശസ്തമായ സക്രെബൈലു ആന ക്യാമ്പിന്റെ പ്രവർത്തനദിവസങ്ങളിൽ മാറ്റം വരുത്തിയതാണ് ഇതിൽ പ്രധാനം. ഇതുവരെ ആഴ്ചയിലെ എല്ലാ ദിവസവും വിനോദസഞ്ചാരികൾക്കായി തുറന്നുനൽകിയിരുന്ന സക്രെബൈലു ആന ക്യാമ്പ് ഇനിമുതൽ എല്ലാ ബുധനാഴ്ചകളിലും അടച്ചിടും. ബുധനാഴ്ചകളിൽ പൊതുജനങ്ങൾക്ക് ക്യാമ്പിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. ആനകളുടെ പരിചരണത്തിനും വിശ്രമത്തിനുമായി പ്രത്യേക സമയം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
