തമിഴ്‌നാടിന്റെ ‘ലോക്ക്’; കർണാടകയുടെ സമരം: ബെംഗളൂരുവിൽ വരാനിരിക്കുന്നത് ഇതിലും വലിയ ഗതാഗതക്കുരുക്ക്

ബെംഗളൂരു: നിർമാണ സാമഗ്രികളുടെ കടുത്ത ക്ഷാമം കാരണം ബെംഗളൂരു നഗരത്തിലെ റോഡ് അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും കടുത്ത പ്രതിസന്ധിയിലായി. തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനവും പിന്നാലെ കർണാടകയിലെ ക്രഷർ ഉടമകൾ നടത്തിയ പണിമുടക്കുമാണ് നഗരത്തിലെ റോഡ് പണികൾ മന്ദഗതിയിലാക്കിയത്.

നിർമാണ സാമഗ്രികൾക്ക് കടുത്ത ക്ഷാമം

എം-സാൻഡ്, ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ജൂലൈ 27-നാണ് തമിഴ്‌നാട് സർക്കാർ താത്കാലിക നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ അയൽ സംസ്ഥാനമായ കർണാടകയിലേക്ക് ഇവയുടെ വരവ് നിലച്ചു. തദ്ദേശീയമായി ഉൽപ്പാദനം വർധിപ്പിച്ച് ഈ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കർണാടക സ്റ്റേറ്റ് സ്റ്റോൺ മൈൻസ് ആൻഡ് സ്റ്റോൺ ക്രഷേഴ്‌സ് ഫെഡറേഷൻ സെപ്റ്റംബർ 18 മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇത് നഗരത്തിലെ റോഡ് നിർമാണങ്ങളെ പൂർണ്ണമായും നിശ്ചലമാക്കി.

ക്രഷർ ഉടമകൾ സമരം പിൻവലിച്ചു

എം-സാൻഡിന്റെയും പാറ ഉൽപ്പന്നങ്ങളുടെയും കടുത്ത ക്ഷാമവും വിലവർധനവും കാരണം പണികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് കരാറുകാരും എഞ്ചിനീയർമാരും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയെ (ജി.ബി.എ) അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ ചർച്ചയെ തുടർന്ന് ക്രഷർ ഉടമകൾ സമരം പിൻവലിച്ചെങ്കിലും, റോഡ് പണികളിലുണ്ടായ കാലതാമസം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യതയില്ല. വരും ദിവസങ്ങളിൽ വിതരണം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ പ്രസിഡന്റ് ഡി. സിദ്ധരാജു അറിയിച്ചു. ഗനി വികസന വകുപ്പും പൊതുമരാമത്ത് വകുപ്പും വെവ്വേറെ റോയൽറ്റി ഈടാക്കുന്നതിനെതിരെയായിരുന്നു ക്രഷർ ഉടമകളുടെ പ്രതിഷേധം.

പദ്ധതികൾ വൈകാനും ചെലവേറാനും സാധ്യത

സമരം അവസാനിച്ചെങ്കിലും ഈ പ്രതിസന്ധി നഗരഗതാഗതത്തെ തുടർന്നുള്ള മാസങ്ങളിലും ബാധിച്ചേക്കാം. റോഡുകൾ നിശ്ചിത സമയത്തിനുള്ളിൽ തുറന്നുകൊടുക്കാൻ കഴിയാതെ വരിക, പദ്ധതി ചെലവ് ഉയരുക, നഷ്ടം ഒഴിവാക്കാൻ കരാറുകാർ ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കുക തുടങ്ങിയ ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. പദ്ധതികൾ വൈകുന്നതിന് കരാറുകാർക്ക് നൽകേണ്ട സമയപരിധി നീട്ടിനൽകുന്നതും പിഴ ചുമത്തുന്നതും സംബന്ധിച്ച് ഓരോ കേസും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് ബെംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts