അക്കൗണ്ടിൽ നിന്ന് അറിയിപ്പില്ലാതെ പണം പിടിച്ചാൽ മിണ്ടാതിരിക്കേണ്ട: ബാങ്കുകളിൽ നിന്ന് പണം തിരികെ വാങ്ങാൻ ആർ.ബി.ഐ നിയമങ്ങൾ

കൊച്ചി: അക്കൗണ്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ ബാങ്കുകൾ പണം പിടിച്ചെടുക്കുന്നതിനെതിരെ ഉപഭോക്താക്കൾക്ക് ശക്തമായി പ്രതികരിക്കാമെന്നും, ആർ.ബി.ഐ ചട്ടങ്ങൾ ലംഘിച്ച് ഈടാക്കിയ തുക തിരികെ നേടാൻ നിയമപരമായ അവകാശമുണ്ടെന്നും വ്യക്തമാക്കപ്പെടുന്നു. ഇന്ന് ഒട്ടുമിക്ക സാധാരണക്കാരും നേരിടുന്ന പ്രധാന പരാതികളിൽ ഒന്നാണ് മിനിമം ബാലൻസ് നിലനിർത്തിയില്ലെന്ന പേരിൽ അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ ഏകപക്ഷീയമായി പണം പിടിക്കുന്നത്. എന്നാൽ, ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൃത്യമായ മാനദണ്ഡങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അക്കൗണ്ടിന്റെ തരം അനുസരിച്ച് നിലനിർത്തേണ്ട മിനിമം ബാലൻസിൽ വ്യത്യാസമുണ്ടാകുമെങ്കിലും, കുറവ് വരുത്തുന്ന തുകയ്ക്ക് ആനുപാതികമായി മാത്രമേ ബാങ്കുകൾക്ക് പിഴ ഈടാക്കാൻ അനുവാദമുള്ളൂ. കൂടാതെ, അക്കൗണ്ടിൽ നിർദ്ദിഷ്ട തുക തികയാതെ വരുമ്പോൾ എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ വഴി ബാങ്ക് നിർബന്ധമായും മുന്നറിയിപ്പ് നൽകിയിരിക്കണം. കുറഞ്ഞത് ഒരു മാസത്തെ സമയം തുക അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉപഭോക്താവിന് നൽകണം. ഈ നോട്ടീസ് പീരിയഡിന് ശേഷവും തുക നിലനിർത്താനായില്ലെങ്കിൽ മാത്രമേ പെനാൽറ്റി ഈടാക്കാൻ നിയമപരമായി സാധിക്കൂ. സേവിങ്സ് അക്കൗണ്ടുകൾ മിനിമം ബാലൻസ് പിഴയുടെ പേരിൽ ഒരിക്കലും നെഗറ്റീവ് ബാലൻസിലേക്ക് പോകാൻ പാടില്ലെന്നും ആർ.ബി.ഐ വ്യവസ്ഥ ചെയ്യുന്നുണ്ട്.

മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ പണം ഈടാക്കിയിട്ടുണ്ടെങ്കിൽ, ഏത് നിയമത്തിന്റെ പിൻബലത്തിലാണ് തുക പിടിച്ചതെന്നും മുൻകൂട്ടി അറിയിക്കാതിരുന്നതിന്റെ കാരണം എന്താണെന്നും ബാങ്കിൽ നിന്ന് എഴുതി വാങ്ങാൻ ഉപഭോക്താക്കൾക്ക് സാധിക്കും. കൂടാതെ, ചാർജുകളുടെ വിശദാംശങ്ങൾ അടങ്ങിയ ‘ഷെഡ്യൂൾ ഓഫ് ചാർജസ്’ ആവശ്യപ്പെടുകയും ചെയ്യാം. ബാങ്കിന്റെ ഔദ്യോഗിക ആപ്പ്, വെബ്‌സൈറ്റ്, ഇമെയിൽ വഴിയോ നേരിട്ട് ശാഖയിലെത്തിയോ പരാതി നൽകാവുന്നതാണ്. പിടിച്ചെടുത്ത തുക, തീയതി, ചാർജിന്റെ വിശദാംശങ്ങൾ എന്നിവ പരാതിയിൽ വ്യക്തമാക്കണം. ബാങ്കിന്റെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടിയോ അന്യായമായി ഈടാക്കിയ തുകയുടെ റീഫണ്ടോ ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ആർ.ബി.ഐ ഓംബുഡ്സ്മാനെ (RBI Ombudsman) സമീപിച്ച് നഷ്ടപരിഹാരം ഈടാക്കാൻ പൂർണ്ണ അവകാശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts