ന്യൂഡൽഹി: ലഹരി ഉപയോഗ രംഗങ്ങളിൽ മുന്നറിയിപ്പ് നിർബന്ധമാക്കിയതും സ്ത്രീകളെ അവഹേളിക്കുന്ന ദൃശ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയതുമടക്കം സിനിമ സെൻസറിംഗ് മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. പുതിയ സെൻസർ ബോർഡ് നിലവിൽ വന്നതിന് പിന്നാലെയാണ് വിനോദരംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താതെ തന്നെ സിനിമകൾ സാമൂഹിക മൂല്യങ്ങളോട് ഉത്തരവാദിത്തമുള്ളതാണെന്ന് ബോർഡ് ഉറപ്പാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
പുതിയ നിബന്ധനകൾ പ്രകാരം മദ്യപാനം, പുകവലി, ലഹരി ഉപയോഗം എന്നിവയെ സിനിമകൾ മഹത്വവത്കരിക്കാൻ പാടില്ല. ഇത്തരം രംഗങ്ങൾ കാണിക്കുമ്പോൾ കൃത്യമായ മുന്നറിയിപ്പ് സ്ക്രീനിൽ നൽകണം. ലൈംഗികാക്രമണങ്ങളും അക്രമങ്ങളും പ്രമേയത്തിന് അത്യാവശ്യമെങ്കിൽ മാത്രം ചുരുങ്ങിയ ദൈർഘ്യത്തിൽ മാത്രം ഉൾപ്പെടുത്താം. കുട്ടികൾക്കെതിരായ പീഡനങ്ങൾ, കുട്ടികളെ കുറ്റവാളികളായോ സാക്ഷികളായോ ചിത്രീകരിക്കൽ, മൃഗങ്ങളോടുള്ള ക്രൂരത, ഭിന്നശേഷിക്കാരെ പരിഹസിക്കൽ എന്നിവ പൂർണ്ണമായും ഒഴിവാക്കണം.
കൂടാതെ കോടതികളുടെ അന്തസ്സിനെ ബാധിക്കുന്ന രംഗങ്ങൾക്കോ അക്രമങ്ങളെ ന്യായീകരിക്കുന്നതിനോ അനുമതിയുണ്ടാകില്ല. മതവിഭാഗങ്ങളെയോ മറ്റു സമൂഹങ്ങളെയോ അവഹേളിക്കുന്ന വാക്കുകളും ദൃശ്യങ്ങളും വിലക്കിയിട്ടുണ്ട്. വർഗീയത, രാജ്യവിരുദ്ധ ആശയങ്ങൾ, ഇന്ത്യയുടെ പരമാധികാരത്തെയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയ്ക്കെതിരെയും കർശന നിയന്ത്രണമുണ്ടാകും.
