കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്നും പുറത്തായതിന് പിന്നാലെ പ്രതികരണവുമായി പ്രമുഖ ഫൈറ്റ് മാസ്റ്ററും മത്സരാർത്ഥിയുമായിരുന്ന കാളി എന്ന ധന്യ. ഒരു സീസൺ പോലും കാണാതെയാണ് താൻ ബിഗ് ബോസിലേക്ക് പോയതെന്നും, ഗെയിം തന്ത്രങ്ങളെക്കുറിച്ച് മുൻപരിചയം ഇല്ലാതിരുന്നതിനാൽ കള്ളത്തരം കാണിക്കാൻ പോലും തനിക്ക് സാധിച്ചില്ലെന്നും കാളി വ്യക്തമാക്കി. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് താരം ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ചത്.
ഷോയിൽ പറയുന്ന പല കാര്യങ്ങളും പലപ്പോഴും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും, അവിടെയുള്ള മറ്റു മത്സരാർത്ഥികൾ സംസാരിക്കുമ്പോഴാണ് പല ഗെയിം രീതികളെക്കുറിച്ചും താൻ അറിഞ്ഞതെന്നും കാളി പറഞ്ഞു. ടിവിയിൽ കാണുന്നതിനേക്കാൾ ബിഗ് ബോസ് നേരിട്ട് അനുഭവിച്ചറിയണമെന്ന ആഗ്രഹത്താലാണ് മുൻ സീസണുകൾ കാണാതിരുന്നത്. ബിഗ് ബോസ് ഹൗസിലെ സാഹചര്യങ്ങൾ നേരിട്ടറിഞ്ഞപ്പോഴാണ് ഗെയിം എത്രത്തോളം സങ്കീർണ്ണമാണെന്ന് മനസ്സിലായതെന്നും താരം കൂട്ടിച്ചേർത്തു.
പതിനെട്ട് വർഷം മുൻപ് സിനിമയിലെത്തിയ കാളി കൊറിയോഗ്രാഫിയിലും അഭിനയത്തിലും ഡ്യൂപ്പ് ആർട്ടിസ്റ്റായും ജോലി ചെയ്ത ശേഷമാണ് ഫൈറ്റ് രംഗത്തേക്ക് തിരിയുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫർ മാഫിയ ശശിയുടെ അസിസ്റ്റന്റായി തുടക്കം കുറിച്ച കാളി, സ്വന്തം നിലപാടുകളിലും പോരാട്ട വീര്യത്തിലും ഉറച്ചുനിന്ന വ്യക്തിത്വത്തിലൂടെയാണ് ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
