നൈസ് റോഡിന് സമാന്തരമായി 10 വരിപ്പാത വരുന്നു! പെരിഫറൽ റിങ് റോഡ് രണ്ടാം ഘട്ടം: ഇത്രയും പേർക്ക് ഭൂമി നഷ്ടപ്പെടും

ബെംഗളൂരു: ഹൊസൂർ, മൈസൂരു, തുമകൂരു റോഡുകളെ ബന്ധിപ്പിച്ച് നൈസ് (NICE) റോഡിന് സമാന്തരമായി നിർമ്മിക്കുന്ന പെരിഫറൽ റിങ് റോഡിന്റെ രണ്ടാം ഘട്ടത്തിനായി (PRR-2) ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ) 1,427 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു. പദ്ധതി പ്രദേശത്തെ 1,126 ഭൂവുടമകൾക്ക് ഇതോടെ വസ്തുവകകൾ നഷ്ടപ്പെടും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്വന്തം ജില്ല ഉൾപ്പെടുന്ന ബെംഗളൂരു സൗത്തിലെ (പഴയ രാമനഗര) വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

52 കിലോമീറ്റർ നീളത്തിൽ 10 വരിപ്പാതയായി നിർമ്മിക്കുന്ന പെരിഫറൽ റിങ് റോഡ്-2, ബിഡദിയിൽ നിർദ്ദിഷ്ട ടൗൺഷിപ്പിലേക്കും മികച്ച കണക്റ്റിവിറ്റി നൽകും. അത്തിബെലെ, ജിഗണി, ബെഗൂർ, ഉത്തരാഹള്ളി, കെംഗേരി, ദസനാപുര തുടങ്ങിയ മേഖലകളിലെ 30 ഗ്രാമങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. പതിറ്റാണ്ടുകളായി വൈകുന്ന പദ്ധതിക്കെതിരെ ഭൂവുടമകൾ നിയമനടപടികളിലേക്ക് കടന്നതോടെ പ്രാഥമിക വിജ്ഞാപനങ്ങൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിജ്ഞാപനം.

എന്നാൽ പദ്ധതിക്കായി രണ്ട് പതിറ്റാണ്ട് മുൻപാണ് പ്രാഥമിക വിജ്ഞാപനം വന്നതെന്നും നിലവിലെ വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ഭൂമി വിട്ടുനൽകില്ലെന്നുമാണ് കർണാടക പ്രാന്ത റൈത സംഘത്തിന്റെ നിലപാട്. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ലെന്നും സംഘടന ആരോപിക്കുന്നു.

ബെംഗളൂരു ബിസിനസ് ഇടനാഴി പദ്ധതിക്ക് സമാനമായ നഷ്ടപരിഹാര പാക്കേജാണ് പരിഗണനയിലുള്ളതെന്നും സർക്കാരിന്റെ അംഗീകാരം ലഭിച്ചാലുടൻ ഭൂവുടമകൾക്ക് നഷ്ടപരിഹാരം കൈമാറി തുടങ്ങുമെന്നും ബി.ഡി.എ അറിയിച്ചു. 52 കിലോമീറ്ററിൽ മഗഡി റോഡിനും മൈസൂരു റോഡിനും ഇടയിലുള്ള 10 കിലോമീറ്റർ പാത ബി.ഡി.എ നേരത്തെ നിർമ്മിച്ചിരുന്നു. ശേഷിക്കുന്ന 42 കിലോമീറ്ററിനാണ് ഇപ്പോൾ അന്തിമ വിജ്ഞാപനമായത്. 3,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി മൈസൂരു, തുമകൂരു, കനകപുര, ഹൊസൂർ റോഡുകൾ സംഗമിക്കുന്ന ഇടങ്ങളിൽ ക്ലോവർലീഫ് ജംഗ്ഷനുകളും നിർമ്മിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts