ബെംഗളൂരു : നിയമസഭയുടെ ശീതകാലസമ്മേളനം നടക്കുന്ന ബെലഗാവി സുവർണ വിധാൻസൗധയ്ക്കുമുൻപിൽ പ്രതിഷേധിച്ച കർഷകർ ബസുകൾ തടഞ്ഞുനിർത്താൻ ഡ്രൈവർമാരുടെ കൈകെട്ടി ബന്ദിയാക്കി.
പുണെ-ബെംഗളൂരു ദേശീയപാതയിലാണ് കർഷകരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളുയർത്തി പ്രവർത്തകർ റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചു.
സമരം കഴിഞ്ഞേ യാത്ര തുടരാവൂ എന്ന് നേതാക്കൾ യാത്രക്കാരോട് അഭ്യർഥിച്ചു. ഇതിനിടെ നോർത്ത് വെസ്റ്റ് കെ.ആർ.ടി.സി.യുടെ രണ്ടുബസുകൾ റോഡരികിലൂടെ മുന്നോട്ടുവന്നു.
ബസുകളെ പിന്തുടർന്ന പ്രവർത്തകർ അകത്തുകയറി ഡ്രൈവർമാരുടെ കൈയിൽ ഷാൾ കെട്ടി സീറ്റിനുപുറകിലേക്ക് ബന്ദിച്ചു.
ബസുകളുടെ സ്റ്റിയറിങ്ങും ഷാൾ കെട്ടി ബന്ധിച്ചു. കർഷകർ തോളിലിടുന്ന പച്ച ഷാളാണ് കെട്ടാൻ ഉപയോഗിച്ചത്. ബസുകൾ മുന്നോട്ടെടുത്തുപോകുന്നത് തടയാനാണിത്.
കുറച്ചുസമയത്തിനുശേഷം സമരം അവസാനിപ്പിച്ചതോടെയാണ് ഡ്രൈവർമാരെ മോചിപ്പിച്ചത്.
കർഷകസംഘടനകളായ കർണാടക രാജ്യ രൈത്ത സംഘ, ഹസിരു സേനെ, ഷുഗർകെയ്ൻ ഗ്രോവേഴ്‌സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സുവർണ വിധാൻ സൗധയിൽ നിയമസഭാസമ്മേളനം തുടങ്ങിയ ദിവസം സമരത്തിനെത്തിയത്.
കരിമ്പുസംഭരിച്ചതിന്റെ കുടിശ്ശിക ഉടൻ വിതരണംചെയ്യുക, കരിമ്പിന്റെയും മറ്റു വിളകളുടെയും സംഭരണവില വർധിപ്പിക്കുക, താങ്ങുവില നിയമാനുസൃതമാക്കുക, സ്വകാര്യ എ.പി.എം.സി.കൾ അനുവദിക്കുന്ന കർഷകവിരുദ്ധനിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.