കോഴിക്കോട്: പപ്പടക്കോൽ വിഴുങ്ങിയ യുവതി ജീവിതത്തിലേക്ക് മടങ്ങിവരുന്നു.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് മലപ്പുറം സ്വദേശിനിയായ യുവതിയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
ഒരു നീണ്ട പപ്പടക്കോലാണ് യുവതി അബദ്ധത്തിൽ വിഴുങ്ങിയത്. വളരെ പ്രശസ്തമായ സ്വകാര്യ ആശുപത്രികൾപോലും കൈവെടിഞ്ഞപ്പോഴാണ് 33കാരിയുമായി ഭർത്താവ് മെഡിക്കൽ കോളജിലെത്തിയത്.
എക്സ് റേയിൽ പപ്പടക്കമ്പി വളരെ വ്യക്തമായിരുന്നു. അന്നനാളത്തിലൂടെ പോയി ഇടതു ശ്വാസ കോശം തുരന്ന് ആമാശയത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ലോഹത്തിൽ തീർത്ത പപ്പടക്കമ്പി.
ഓപറേഷൻ ചെയ്യുകയാണെങ്കിൽ അതിസങ്കീർണമാണ് കാര്യങ്ങളെന്ന് എല്ലാവർക്കും ബോധ്യമായിരുന്നു.
ഹൃദയമടക്കമുള്ള അവയവങ്ങൾ മുഴുവനായും തുറന്നുമാത്രമേ കോൽ പുറത്തെടുക്കാനാവൂ. വിജയസാധ്യതയാണെങ്കിൽ തീരെ കുറവ്.
ഈ അവസ്ഥയിലാണ് മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ഒന്നിച്ചുചേർന്ന് വായിൽക്കൂടി തന്നെ കോൽ വലിച്ചെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിച്ചത്.
ഇ.എൻ.ടി, അനസ്തേഷ്യ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കഠിനാധ്വാനവും സമയോചിതമായ ഇടപെടലും മൂലം വലിയ പരിക്കുകൾ കൂടാതെ പപ്പടക്കോൽ വായിലൂടെ തന്നെ വലിച്ചെടുക്കാൻ സാധിച്ചു.
അത്യപൂർവമായ ഒരു ജീവിതം വീണ്ടെടുക്കലിന് കാരണക്കാരായി മാറിയതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരുകൂട്ടം ഡോക്ടർമാർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.