താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് നിർദേശം 

വയനാട് : താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമാവുന്ന സാഹചര്യം നിലനിൽക്കെ യാത്രക്കാർക്കുള്ള നിർദേശവുമായി അധികൃതർ.

ചുരം വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവർ മറ്റു വഴികൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം വന്നിരിക്കുന്നത്.

മാത്രമല്ല, ചുരം വഴി വരുന്നവർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് അധികൃതർ നിർദേശിക്കുന്നു.

ചുരം കയറാൻ നിലവിൽ ചുരുങ്ങിയത്‌ 2 മുതൽ 4 മണിക്കൂർ വരെ അധികസമയം എടുക്കാൻ സാധ്യതയുണ്ട്.

ഹൈവേ പോലീസ്‌, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, എൻ.ആർ.ഡി.എഫ്‌ പ്രവർത്തകർ എന്നിവർ ചുരത്തിൽ സജീവമായി രംഗത്തുണ്ട്‌.

താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

റോഡിൽ വാഹന തടസ്സം കണ്ടാൽ ഓവർ ടേക്ക്‌ ചെയ്യരുത്‌

റോഡിന്റെ ഇടതുവശം ചേർത്ത്‌ വാഹനം ഓടിക്കുക

വ്യൂ പോയിന്റുകളിൽ വാഹനം നിർത്താതിരിക്കുക

ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക

മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത അവസ്ഥയുണ്ട്

വാഹനത്തിൽ ഇന്ധനം ആവശ്യത്തിനനുസരിച്ച്‌ കരുതുക

പ്ലാസ്റ്റിക്‌ മാലിന്യം ചുരത്തിൽ വലിച്ചെറിയരുത്‌.

അവധിയായതിനാൽ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ദസറക്കായി മൈസൂരിലേക്കും ആളുകളുടെ ഒഴുക്കായതിനാൽ വലിയ തിരക്കാണ് ചുരത്തിൽ അനുഭവപ്പെടുന്നത്.

അതിനാൽ, വാഹനങ്ങൾക്ക് പതിവ് വേഗതയിൽ കയറാനാകുന്നില്ല. കഴിഞ്ഞ ദിവസം എട്ടാം വളവില്‍ തകരാറിലായ ചരക്കുലോറികൾ ഇതുവരെ സ്ഥലത്തുനിന്ന് മാറ്റാനായിട്ടില്ല.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി നിന്നുപോയത്.

ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ ബസും മറ്റൊരു ലോറിയും വളവിൽ കുടുങ്ങിയതോടെ വാഹനങ്ങൾ മൊത്തത്തിൽ നിശ്ചലമാകുകയായിരുന്നു.

തുടർന്ന് ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നലെ രൂപപ്പെട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us