ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി മൈസൂരുവിൽ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചാത്തലത്തിൽ നഗരത്തിലെ വാടകക്കാരുടെ പട്ടിക തയ്യാറാക്കാൻ പോലീസിന്റെ നീക്കം. എല്ലാ വീട്ടുടമസ്ഥരും അവരവരുടെ വാടകക്കാരുടെ തിരിച്ചറിയൽരേഖയും ഫോട്ടോയും സമർപ്പിക്കണമെന്നാണ് പോലീസിന്റെ നിർദേശം.
ഇതിനായി എ.എസ്.ഐ., ഹെഡ്‌കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നിവരെ ഉൾപ്പെടുത്തി 1250 സംഘങ്ങൾ പോലീസ് രൂപവത്കരിച്ചു കഴിഞ്ഞു. വാടകവീടുകളിലെത്തി പോലീസ് താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കും. സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് വ്യാജ തിരിച്ചറിയൽരേഖ നൽകി ആറുമാസത്തോളം മൈസൂരുവിലെ ലോകനായകനഗറിൽ വാടകവീട്ടിൽ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു.
വാടകക്കാരെ കുറിച്ച് സംശയാസ്പദമായി എന്തെങ്കിലും തോന്നുകയാണെങ്കിൽ പോലീസിനെ ഉടൻ വിവരമറിയിക്കണമെന്നും പോലീസ് കമ്മീഷണർ
പ്രദീപ് ഗുണ്ഡി പറഞ്ഞു.