ദലിത് വിദ്യാർഥിയുടെ മരണത്തിൽ രാജിവച്ച് എംഎൽഎ

ജയ്പുർ: അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ രാജസ്ഥാനിലെ എംഎൽഎ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ പനചന്ദ് മേഘ്‌വാൾ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി. സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും ദലിതർ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

“സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല,അതിനാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നു” മുഖ്യമന്ത്രിക്കയച്ച രാജിക്കത്തിൽ പനചന്ദ് മേഘ്‌വാൾ പറഞ്ഞു.

മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥി ഇന്ദ്രകുമാർ മേഘ്‌വാൾ ആണ് സ്കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടെന്ന് ആരോപിച്ച അധ്യാപകന്റെ ക്രൂരമർദ്ദനമേറ്റ് മരിച്ചത്. അധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 20നാണ് കുട്ടിയെ അധ്യാപകൻ മർദിച്ചത്. മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായി. ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us