മുംബൈ: ഇനി തീവണ്ടി യാത്രയ്ക്കിടയില്‍ നിങ്ങൾക്ക് പുസ്തകം വായിക്കണമെന്ന് തോന്നിയാല്‍ അത് നിങ്ങളുടെ സീറ്റിലെത്തും. പുസ്തകം മാത്രമല്ല, ഭക്ഷണമോ സൗന്ദര്യവര്‍ധക വസ്തുക്കളോ എന്തുമായി കൊള്ളട്ടെ മൊബൈല്‍ ആപ്പ് വഴി ആവശ്യപ്പെട്ടാല്‍ മാത്രം മതി.
ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കോച്ചുകളില്‍ വൈഫൈ സൗകര്യവും ലഭ്യമാവും. മുംബൈ-വാരാണസി മഹാനഗരി എക്‌സ്‌പ്രസിലാണ് ഈ മൊബൈല്‍ ആപ്പ് ആദ്യം പരീക്ഷിക്കുന്നത്. ആദ്യ പരീക്ഷണത്തിനു ശേഷം എല്ലാ യാത്രക്കാർക്കും ആപ്പ് ലഭ്യമാക്കാനുള്ള സൗകര്യമൊരിക്കും.
റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ പദ്ധതി നടപ്പാക്കാനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
യാത്രക്കാരന് റെയില്‍വേ സ്റ്റേഷനിലെത്താനും തീവണ്ടിയിറങ്ങിയ ശേഷം ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാനും ആപ്പ് വഴി വാഹനങ്ങള്‍ ബുക്ക് ചെയ്യാൻ സാധിക്കും. റയിൽവേ ടോയ്ലറ്റുകളും കമ്പാര്‍ട്ട്മെന്റുകളും വൃത്തിയാക്കാനും ഈ ആപ്പ് വഴി ആവശ്യപ്പെടാൻ സാധ്യമാണ്.