ബെംഗളൂരു: സ്കൂളുകളിൽ മുഴുവൻ ക്ലാസ്സുകളും സാധാരണനിലയിൽ പുനരാരംഭിക്കണം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളും പൂർണ്ണമായും സ്കൂളുകളിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി കത്തുകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പത്ത് – പന്ത്രണ്ട് ക്ലാസുകൾ ആദ്യം പകുതി ദിവസങ്ങളിലും പിന്നീട് മുഴുവൻ ദിവസങ്ങളിലും സ്കൂളുകളിൽ നടപ്പിലാക്കിയതിനുശേഷവും മഹാമാരി വ്യാപനം വർദ്ധിക്കാതെ ഇരിക്കുന്ന സാഹചര്യത്തിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകൾ സ്കൂളുകളിൽ പൂർണതോതിൽ നടപ്പിലാക്കുന്നതിൽ തെറ്റില്ല എന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്.
നഗരാതിർത്തിയിൽ ഉള്ളവർക്കും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ടവർക്കും ആണ് ഇപ്പോഴത്തെ സംവിധാനത്തിൽ വിദ്യാഭ്യാസം തുടരാൻ ആകുന്നത് എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്നവരും സമൂഹത്തിൽ സാമ്പത്തികമായി താഴെക്കിടയിൽ നിൽക്കുന്നവർക്കും ഇതിന്റെ പൂർണ ഗുണങ്ങൾ കിട്ടുന്നില്ല എന്നും ഇവർ അഭിപ്രായപ്പെടുന്നു.
വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷത്തിലേക്കുള്ള
പ്രവേശന നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ നീട്ടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. ഇത് സംബന്ധിച്ച നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു