ഈദുൽ ഫിത്വർ സന്ദേശം…

പരിചിതമല്ലാത്ത ലോക് ഡൗൺ പെട്ടെന്ന് പ്രഖ്യാപിക്കപ്പെട്ടത് പൊതുജന ജീവിതം താറുമാറാക്കപ്പെട്ട സാഹചര്യം മറികടക്കാൻ ആലോചിക്കുന്നതിനിടയിൽ വിശുദ്ധിയുടെയും അനുഗ്രഹത്തിൻ്റെയും മാസമായ റമളാൻ കൂടി ആഗതമായതോടെ ചരിത്രദൗത്യത്തിൻ്റെ കാവലാളാവാൻ ബെംഗളൂരു മലബാർ മുസ്ലിം അസോസിയേഷന് അവസരം ലഭിക്കുകയായിരുന്നു.

കൊറോണ വ്യാപനത്തിൻ്റെ സാധ്യതകൾ അടക്കപ്പെടാൻ സർക്കാർ നടപ്പാക്കിയ നിയമ വ്യവസ്ഥകളിൽ ജനജീവിതം സ്തംഭിച്ചു നിൽക്കുകയും , നാടണയാൻ കഴിയാതെ ഉപജീവന യജ്ഞത്തിന് നഗരത്തിൽ ചേക്കേറിയവർ ചക്രശ്വാസം വലിക്കുകയും ചെയ്തപ്പോൾ മലബാർ മുസ്ലിം അസോസിയേഷൻ വിശുദ്ധ റമളാനിൻ്റെ രാപ്പകലുകൾ,സാന്ത്വന സ്പർശവും ആശ്വാസ ദൂതുമായ് ഇവർക്ക് വേണ്ടി കർമ്മനിരതമായ് കൂട്ടുനിൽക്കുകയായിരുന്നു.

മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ആത്മനിർവൃതി നൽകുന്നത് അതുകൊണ്ടാണ്.

കുറെ മനുഷ്യരുടെ പച്ചയായ ദുഃഖങ്ങളിൽ അവർക്കാശ്വാസമാവാൻ കഴിഞ്ഞു നമ്മുടെ സംഘടനക്ക്.

വിശുദ്ധ മാസം വിടപറഞ്ഞു.ഇനി പെരുന്നാളിൻ്റെ ആഘോഷാരവം. അറിഞ്ഞ് ആഘോഷിക്കാൻ നമുക്കുള്ള രണ്ട് ആഘോഷങ്ങളാണ് പെരുന്നാളുകൾ.

ദിക്റുകളുടെ മന്ത്രധ്വനികൾ ഹൃദയ ഭൂമികയെ ഉഴുതുമറിച്ച,റമളാനിൻ്റെ രാപ്പകലുകൾ ആത്മ നിർവൃതിയുടെതായിന്നു .

ദേഹേഛകൾ ദൈവഹിതത്തിന് വഴിമാറ്റപ്പെട്ടപ്പോൾ വിശ്വാസി പൂർണ്ണ വിധേയനായി കാണപ്പെട്ടത് വ്രതത്തിൻ്റെ പരിശുദ്ധിയോടെയാണ്.

മനുഷ്യഹിതങ്ങൾ ഭോജനത്തിൻ്റെ മൂർത്തിയിലാണ് രൂപപ്പെടുന്നത് എന്നതിനാൽ ഭക്ഷണപാനീയങ്ങളെ വർജിച്ചു കൊണ്ടാണ് വിധേയത്വം പ്രഘടിപ്പിക്കാൻ സൃഷ്ടികർത്താവ് കൽപ്പിച്ചത്.

സഹനവും ക്ഷമയും ആത്മധർപ്പണവും ആലങ്കാരികമാവാതെ പരിശീലിക്കാൻ വിശ്വാസി പഠിച്ചു. ദാഹവും വിശപ്പും സഹജീവികളിലുണ്ടാക്കുന്ന പ്രതിസന്ധികൾ മനസ്സിലാക്കാൻ റമളാൻ നമ്മെ പഠിപ്പിച്ചു.

ഈ വിശുദ്ധിയുടെ നിറവിലാണ് ഈദുൽ ഫിത്വർ ( ചെറിയ പെരുന്നാൾ )കടന്നു വരുന്നത്.വ്രതശുദ്ധിയിൽ നെയ്തെടുത്ത ആത്മസംതൃപ്തിയും അർപ്പണബോധവും സഹനശീലവും സഹജീവി സ്നേഹവും കാരുണ്യ സ്പർശവും ജീവിത വഴിയിൽ പ്രശേഭിതമായി എന്നും തിളങ്ങി നിൽക്കട്ടെ നമ്മുടെ സാമൂഹിക,വ്യക്തി ജീവിതങ്ങളിൽ. ആത്മനിർവൃതിയുടെ പെരുന്നാൾ എല്ലാവർക്കും ഐശ്വര്യദായകമാവണം.

ആഘോഷാരവങ്ങൾ വിശ്വാസികളുടെ മനസ്സിലാണ് വേണ്ടത്. ലോക് ഡൗൺ അതിന് ഒരു തടസ്സമല്ല.

പരസ്പരം ബന്ധപ്പെടാനും ആശയങ്ങളും ആശംസകളും കൈമാറാനും നവ മാധ്യമ സംവിധാനങ്ങളെ നമുക്ക് ഉപയോഗപ്പെടുത്താം.

അവസരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് നമുക്ക് അഭികാമ്യം. മലബാർ മുസ്ലിം അസോസിയേഷൻ ബെംഗളൂരുവിലെ എല്ലാ സഹോദരങ്ങൾക്കും ആശംസകൾ അറിയിക്കുകയാണ്.

നന്മകൾ നിറഞ്ഞ് നാം ഒന്നാകുന്ന പെരുന്നാളിൻ്റെ മധുരമുള്ള ആശംസകൾ.

എന്ന്.
ഡോ: എൻ.എ.മുഹമ്മദ്
പ്രസിഡണ്ട് എം.എം.എ

ടി .സി .സിറാജ്
ജന:സെക്രട്ടറി എം.എം.എ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us