റാലിയിൽ വർഗീയപ്രസ്താവന നടത്തിയ ബി.ജെ.പി. എം.എൽ.എ.യുടെ പേരിൽ കേസെടുത്തു

 

ബെംഗളൂരു: ബി.ജെ.പി. എം.എൽ.എ. സോമശേഖരറെഡ്ഡിയുടെ പേരിൽ പോലീസ് കേസെടുത്തു. പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചുള്ള റാലിയിൽ വർഗീയപ്രസ്താവന നടത്തിയ എം.എൽ.എ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു.

സോമശേഖരറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് മേധാവി നീലമണി രാജുവിന് പരാതി നൽകിയത്.

സോമശേഖര റെഡ്ഡിക്കെതിരേ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ ബല്ലാരിയിൽ വൻ പ്രതിഷേധം നടന്നിരുന്നു. പൗരത്വഭേദഗതിനിയമവും ദേശീയ പൗരത്വപ്പട്ടികയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

ഇവർ ബല്ലാരി പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തുകയും സോമശേഖര റെഡ്ഡിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് സൂപ്രണ്ട് ബാബു പ്രതിഷേധക്കാരുമായി സംസാരിച്ചു.

തുടർന്ന് ബല്ലാരി ഗാന്ധി നഗർ പോലീസ് ജാമ്യമില്ലാ വകുപ്പ്‌ ഉൾപ്പെടുത്തി സോമശേഖര റെഡ്ഡിയുടെപേരിൽ കേസെടുക്കുകയായിരുന്നു. പ്രതിഷേധക്കാർ സോമശേഖര റെഡ്ഡിയുടെ കോലം കത്തിച്ചു. ബല്ലാരിയിൽ കഴിഞ്ഞ ദിവസം ബി.ജെ.പി. സംഘടിപ്പിച്ച റാലിയിലാണ് സോമശേഖരറെഡ്ഡി വിവാദപ്രസ്താവന നടത്തിയത്.

ഭൂരിപക്ഷസമുദായങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേ തെരുവിലിറങ്ങിയാൽ എന്തുസംഭവിക്കുമെന്ന് ചിന്തിക്കണമെന്നും പൗരത്വനിയമത്തിനെതിരേ നിന്നാൽ അത്‌ ശുഭകരമായിരിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.

ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ ജനാർദനറെഡ്ഡിയുടെ സഹോദരനാണ് ബല്ലാരി സിറ്റിയിൽനിന്നുള്ള എം.എൽ.എ.യായ സോമശേഖരറെഡ്ഡി. പൗരത്വഭേദഗതിനിയമത്തെ അംഗീകരിക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

സമുദായസൗഹാർദം തകർക്കുന്നതാണ് ബി.ജെ.പി. നേതാവിന്റെ പ്രസ്താവനയെന്നും ക്രമസമാധാനം തകർക്കാൻ ലക്ഷ്യംവെച്ചാണ് ഇത്തരം നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ, പ്രസ്താവനയെ തള്ളാൻ ബി.ജെ.പി. നേതൃത്വം തയ്യാറായിട്ടില്ല. വിവാദപ്രസ്താവനയെ ന്യായീകരിക്കാനാണ് സോമശേഖര റെഡ്ഡിയും ശ്രമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us