ബെംഗളൂരു : കേരള ആർ ടി സി യുടെ വാടക സ്കാനിയ സർവീസ് നിർത്തിയതോടെ കേരളത്തിലേക്ക് ഉയർന്ന നിരക്കിൽ സ്പെഷൽ ബസ്സുകൾ ഇറക്കി കർണാടക ആർടിസി.
ഒരേ റൂട്ടിൽ ഓടുന്ന കേരള ആർ ടി സി എ സി ബസ്സുകളേക്കാൾ 400 രൂപവരെയാണ് സ്പെഷ്യൽ ബസ്സുകളിൽ കർണാടക ആർടിസി നിരക്ക് ഈടാക്കുന്നത് .
പാലക്കാട് 937 രൂപ തൃശൂർ 948 രൂപ എറണാകുളം 1168 രൂപ കോട്ടയം 1256 എന്നിങ്ങനെയാണ് തിരക്കേറിയ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി വോൾവോ ബസ് ടിക്കറ്റ് ചാർജ്.
കർണാടക സ്പെഷ്യൽ എസി ബസ്സുകളിൽ 1327 രൂപ മുതൽ 1585 രൂപവരെയും സ്വകാര്യ ബസ്സുകളിൽ 1450 രൂപ മുതൽ 2500 രൂപ വരെയാണ് നിരക്ക്.
കെഎസ്ആർടിസി പകരം എ സി ബസ്സുകൾ ഇറക്കാത്തതിനാൽ ഉയർന്ന നിരക്കിൽ യാത്ര ചെയ്യാൻ നിർബന്ധിതരാവുകയാണ് മലയാളികൾ .
കേരള ആർ.ടി.സിയുടെ വാടക സ്കാനിയ ഉടനൊന്നും സർവീസ് തുടങ്ങില്ല എന്നാണ് സൂചന.
കോട്ടയം പത്തനംതിട്ട തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഉണ്ടായിരുന്ന 7 വാടക ബസ്സുകളിൽ അഞ്ചെണ്ണം ടെസ്റ്റിനായി പിൻവലിക്കുകയും രണ്ടെണ്ണം വായ്പ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് പിടിച്ചെടുക്കുകയുമായിരുന്നു.
വണ്ടികൾ നൽകിയ മുംബൈയിലെ കമ്പനി വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഇത്.
ബാങ്കുമായി ഉള്ള പ്രശ്നം പരിഹരിച്ചാൽ മാത്രമേ വാടക ബസുകൾ ഇറങ്ങാൻ സാധ്യതയുള്ളൂ.
ക്രിസ്മസ് അവധി തുടങ്ങുമ്പോഴെങ്കിലും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സ്വകാര്യബസ് ഏജൻസികൾ ഉൾപ്പെടെയുള്ളവരുടെ കൊള്ള നിരക്കിന് തല വച്ച് കൊടുക്കേണ്ടി വരും ബെംഗളൂരു മലയാളികൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.