ബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു!!

ബർമിങാം: അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ബംഗ്ലാ കടുവകളെ തകർത്തെറിഞ്ഞ ഇന്ത്യക്ക് 28 റൺസ് വിജയം. ഈ വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. എട്ടു മത്സരങ്ങളിൽ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. 48ആം ഓവറിലെ അവസാന രണ്ടു പന്തിൽ തന്നെ ജസ്പ്രീത് ബുമ്രാ രണ്ടു പേരെ ഔട്ടാക്കിയാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്.

ഇന്ത്യ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48 ഓവറിൽ 286 റൺസിന് ഓൾഔട്ടായി. രോഹിത് ശർമയ്ക്ക് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചു. അവസാനം വരെ ഇന്ത്യൻ ടീമിനെ മുൾമുനയിൽ നിറുത്തിയാണ് ബംഗ്ലാദേശ് കീഴടങ്ങിയത്.

തുടക്കത്തിലേ തന്നെ ഹാർദിക് പാണ്ഡ്യയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. 10 ഓവറിൽ 60 റൺസ് വഴങ്ങി പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. നാലു വിക്കറ്റ് വീഴ്ത്തിയ ബുംറ ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിപ്പിച്ചു.

അർധ സെഞ്ചുറി നേടിയ ഷാക്കിബ് അൽ ഹസൻ (66) പുറത്തായതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. തമീം ഇക്ബാൽ (22), സൗമ്യ സർക്കാർ (33), മുഷ്ഫിഖുർ റഹീം (24), ലിറ്റൺ ദാസ് (22), മൊസാദക് ഹുസൈൻ (3) എന്നിവരുടെ വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായതോടെ കളി ഇന്ത്യയുടെ വരുതിയിലായി. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് സൈഫുദ്ദീൻ 51 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തിരുന്നു. ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത്താണ് ഇന്ത്യൻ സ്കോർ മികച്ച നിലയിൽ എത്തിച്ചത്. തുടക്കംമുതൽ തന്നെ ബംഗ്ലാ ബൗളർമാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തിൽ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 104 റൺസെടുത്താണ് മടങ്ങിയത്.

ഒമ്പതു റൺസിൽ നിൽക്കെ രോഹിത്തിനെ പുറത്താക്കാൻ ബംഗ്ലാദേശിന് അവസരം ലഭിച്ചെങ്കിലും മിഡ് വിക്കറ്റിൽ രോഹിത്തിന്റെ ക്യാച്ച് തമീം ഇഖ്ബാൽ നഷ്ടപ്പെടുത്തി. ഒരു തവണ ജീവന്‍ കിട്ടിയ രോഹിത് പിന്നീട് മികച്ച ഷോട്ടുകളിലൂടെ കളം അടക്കിവാണു. സൗമ്യ സർക്കാരാണ് രോഹിത്തിനെ ഔട്ടാക്കിയത്. സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പിൽ ഗാംഗുലി മൂന്നു സെഞ്ചുറികൾ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി.

രോഹിത്തും കെ.എൽ രാഹുലും ചേർന്ന ഓപ്പണിങ് സഖ്യം 180 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതാണ്. 92 പന്തിൽ നിന്ന് 77 റൺസെടുത്ത രാഹുലിനെ റുബെൽ ഹുസൈൻ മടക്കി. എന്നാൽ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാൻ ഇത്തവണയും ഇന്ത്യൻ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യൻ സ്കോറാണ് 315-ൽ ഒതുങ്ങിയത്.

കോലിയേയും (26), ഹാർദിക് പാണ്ഡ്യയേയും (0) ഒരു ഓവറിൽ മടക്കി മുസ്തഫിസുർ റഹ്മാൻ ഇന്ത്യൻ റൺറേറ്റിന് കടിഞ്ഞാണിട്ടു. പിന്നീട് തകർത്തടിച്ച ഋഷഭ് പന്ത് 41 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 48 റൺസുമായി മടങ്ങി. ധോനിക്കും (35) അവസാന നിമിഷം സ്കോർ ഉയർത്താനായില്ല. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുർ റഹ്മാനാണ് ഇന്ത്യൻ മധ്യനിരയെ പിടിച്ചുകെട്ടിയത്. 10 ഓവറിൽ 59 റൺസ് വഴങ്ങിയ മുസ്തഫിസുർ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us