ബാംഗ്ലൂരിൽ മലയാളി കൂട്ടായ്മകൾ നിരവധിയാണ്.പ്രധാനമായും രണ്ട് തരത്തിലുള്ള മലയാളി കൂട്ടായ്മകളാണ് ബാംഗ്ലൂരിൽ ഉള്ളത്.റെസിഡന്റ്സ് അസോയേഷനുകളും, മറ്റ് സമാജങ്ങളുമടങ്ങിയ കൂട്ടായ്മകളും, വിർച്ച്വൽ സ്പേസിൽ നിലനിൽക്കുന്ന സൗഹൃദ കൂട്ടായ്മകളും.
വിർച്ച്വൽ സ്പേസിൽ , പ്രധാനമായും ഫേസ്ബുക്ക് കേന്ദ്രീകരിച്ച് നിലനിൽക്കുന്ന ഗ്രൂപ്പുകൾ നിരവധിയാണ്.അതിൽ ചില ഗ്രൂപ്പുകൾ ഓൺലൈനിൽ മാത്രമായും ചിലത് ബാംഗ്ലൂരിൽ ചാരിറ്റി രംഗത്തുമെല്ലാം ആക്റ്റീവ് ആകാറുണ്ട്. 1 വർഷം മുൻപാണ് ഒരു കൂട്ടം യുവതി-യുവാക്കൾ ചേർന്ന് ബാംഗ്ലൂരിനെ കേന്ദ്രമാക്കി BMZ (Bangalore Malayalees Zone) എന്ന പേരിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നത്.
ആദ്യമാദ്യം ഓൺലൈനിൽ മാത്രം സജീവമായിരുന്ന ഗ്രൂപ്പ് പതിയെ ഓഫ് ലൈനിലേക്കും അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ തുടങ്ങി.ഓണാഘോഷങ്ങളും, ഭാഷ ഐക്യം എന്ന ആശയം ഉയർത്തിപ്പിടിച്ച് നടത്തിയ ഫ്ലാഷ്മൊബും, അംഗങ്ങളുടെ കലാ വാസനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നടത്തിയ ഏകദിന ആനിവേഴ്സറി ആഘോഷവുമുൾപ്പടെ BMZ ബാംഗ്ലൂരിൽ സാംസ്കാരികപരമായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ ശ്രെമിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
അത്തരം സാംസ്കാരിക പ്രവർത്തനങ്ങളുടെ അടുത്ത പടി എന്ന നിലയിലാണ് ഒരു ഏകദിന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഒരുക്കാൻ BMZ മുൻ കൈ എടുത്തത്. ആദ്യ ഫിലിം ഫെസ്റ്റിവൽ എന്ന നിലയിൽ, ഒരു പരീക്ഷണഘട്ടം എന്ന രീതിയിൽ വലിയ മുതൽ മുടക്കില്ലാതെ എങ്ങനെ ഭംഗിയായി ചെയ്യാം എന്ന ചിന്തയുടെ ഭാഗമായാണ് ഒരു ഹാളിൽ ചെയ്യാം എന്ന തീരുമാനമെടുക്കുന്നത്.
ഫിലിം ഫെസ്റ്റിവലിനോടൊപ്പം ഗ്രൂപ്പിലെ കഴിവുറ്റ ഫിലിം, ഷോർട്ട്-ഫിലിം, പ്രവർത്തകരെ ഉൾപ്പെടുത്തി ഒരു ഷോർട്ട് ഫിലിം മത്സരവും നടത്താൻ ധാരണയായി.
ജൂലൈ 8 ഞായറാഴ്ച്ചയാണ് ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചത്.ഒരു മാസം മുൻപ് Delegate പാസിനുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു. 263 ഓളം പേർ റെജിസ്റ്റർ ചെയ്തു.എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ശാന്തിനഗറിലെ SCM ഹാളിൽ വെച്ച്ജൂലൈ 8 ന് രാവിലെ 9 മണിക്ക് ആദ്യ സിനിമയായ ‘Tiger-An Old Hunter’s Tale’ എന്ന സിനിമയുടെ പ്രദർശനം ആരംഭിച്ചു. ടൈഗർ സിനിമകളിൽ വെച്ച് സാങ്കേതിക മികവിൽ മറ്റൊന്നിനും ഇതുവരെ കിട പിടിയ്ക്കാൻ കഴിയാത്ത തരത്തിലാണ് സംവിധായകൻ ആ കൊറിയൻ ചിത്രം ഒരുക്കിയിരുന്നത്.അതിനാൽ ആദ്യ സിനിമ തന്നെ ഫെസ്റ്റിവൽ ഡെലിഗേറ്റ്സുകളുടെ മനം കവർന്നുവെന്നത് തീർച്ച.
രണ്ടാമത്തെ സിനിമ ‘ലയൺ’ ആയിരുന്നു.ഒരു ഇന്ത്യൻ ഓസ്ട്രേലിയൻ ചിത്രം.110 മിനിറ്റും കാണികൾ ശ്വാസം അടക്കി പിടിച്ച സിനിമ.സിനിമയുടെ കഴിഞ്ഞ് കലങ്ങിയ കണ്ണുകളോടെയാണ് ഭൂരിഭാഗവും പുറത്തിറങ്ങിയത്.അത്രമേൽ ‘ലയൺ’ പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണത്തിന് ശേഷം പ്രദർശിപ്പിച്ച സിനിമ ‘Bend it Like Beckham ‘ ആയിരുന്നു. ആണധികാര കുടുംബ വ്യവസ്ഥകളിൽ ജീവിതം തളച്ചിടാതെ സ്വന്തം ഫുട്ബോൾ സ്വപ്നത്തിന് വേണ്ടി പൊരുതുന്ന ‘ജെസ്’ എന്ന ഇന്ത്യൻ വംശജയായ ഇംഗ്ലണ്ട് കാരിയുടെ കഥയാണ് ഈ സിനിമ..2 മണിക്കൂർ പ്രേക്ഷകരെ ചിരിച്ചും ചിന്തിപ്പിച്ചും ആ സിനിമ സഞ്ചരിച്ചു.ആ സിനിമയ്ക്ക് ശേഷം പ്രദർശന ഹാളിൽ സിനിമയെ പറ്റി ഡെലിഗേറ്റുകൾ തമ്മിൽ ആ സിനിമയുടെ നല്ലൊരു സംവാദം നടന്നു..ഫിലിം ഫെസ്റ്റിവലിലെ അവസാന സിനിമയായി പ്രദർശിപ്പിച്ചത് ഒരു ഡെന്മാർക്ക് -ജെർമൻ ചിത്രമായ ‘Land of Mine’ എന്ന ചിത്രമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജെർമൻ പട്ടാളക്കാരെ കൊണ്ട് ഡെന്മാർക്കുകാർ കുഴിബോംബുകൾ നിർവ്വീര്യമാക്കുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം.
ഓരോ നിമിഷവും ആകാംഷയോടെയും ഭയത്തോടെയുമാണ് ഡെലിഗേറ്റുകൾ ആ സിനിമ കണ്ട് തീർത്തത്.ഫിലിം ഫെസ്റ്റിവലിലെ സിനിമകൾക്ക് ശേഷം BMZ ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുത്ത 7 ഷോർട്ട് ഫിലിമുകളുടെ പ്രദർശനം അവിടെ നടന്നു.മത്സരത്തിന്റെ പുരസ്കാര നിർവ്വഹണവും അന്നേ ദിവസം തന്നെ ആയിരുന്നു. അഖിലേഷ് ശിവന്റെ ‘Morbid Bubbles’ എന്ന ഷോർട്ട് ഫിലിമിനാണ് മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് ലഭിച്ചത്.രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് രാഹുൽ സി രാജന്റെ ‘ഉ’ എന്ന ഷോർട്ട് ഫിലിമായിരുന്നു.എല്ലാ ഷോർട്ട് ഫിലിമുകളും നല്ല നിലവാരം പുലർത്തി.ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ബാംഗ്ലൂർ മേപ്പിൾ ബുക്സിന്റെ പുസ്തകമേളയും ഹാളിനടുത്ത് സംഘടിപ്പിക്കപ്പെട്ടിരുന്നു.അക്ഷരങ്ങളേയും, സിനിമകളേയും ഒരുപോലെ ഇഷ്ട്പ്പെടുന്ന ബാംഗ്ലൂരിലെ യൗവ്വനങ്ങളുടെ കൂടിചേരലിന് കൂടിയാണ് ജൂലൈ 8 സാക്ഷിയായത്
BMZ നെ സംബന്ധിച്ച് ബാംഗ്ലൂരിലെ സാംസ്കാരിക മണ്ഡലത്തിൽ നടത്തിയ ഒരു ചരിത്രപരമായ കാൽ വെയ്പ്പായിരുന്നു ഈ കഴിഞ്ഞ ഫിലിം ഫെസ്റ്റിവൽ.ഇനിയും ഒരുപാട് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിയ്ക്കാനുള്ള ഊർജ്ജവും, ഓജസ്സും നൽകുവാൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.