ബെംഗളൂരു: നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കിയുള്ള ആദ്യ ലെസ് ട്രാഫിക് ദിനം 11ന് ആചരിക്കും. എല്ലാ മാസത്തെയും രണ്ടാമത്തെ ഞായറാഴ്ചയാണു ലെസ് ട്രാഫിക് ദിനം. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അതേ ദിവസം ബിഎംടിസി ബസുകളിലെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം കുറവ് വരുത്തുമെന്ന് ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു.
ബസ്, മെട്രോ, ട്രെയിൻ എന്നിവയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനൊപ്പം നഗരം നേരിടുന്ന ഗതാഗത കുരുക്കും വായു മലിനീകരണവും പരിഹരിക്കുകയുമാണു പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാസത്തിലൊരു ദിവസം സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ വായുമലിനീകരണ തോതിൽ കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 2017 ഡിസംബർ വരെയുള്ള മോട്ടോർ വാഹനവകുപ്പിന്റെ കണക്ക് പ്രകാരം 72 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് നഗരത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലെസ് ട്രാഫിക് ദിനത്തിൽ ഓട്ടോ, ടാക്സി സർവീസുകളെ തടയില്ല.
സ്വകാര്യ വാഹനങ്ങൾ തടയുകയല്ല ഇതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മാസത്തിൽ ഒരു ദിവസമെങ്കിലും ബസ്, മെട്രോ യാത്ര ശീലമാക്കാൻ സാധിച്ചാൽ പദ്ധതി വിജയം കാണുമെന്നും രേവണ്ണ പറഞ്ഞു.
∙ ബസ് ദിനാചരണം പേരിന് മാത്രം
പൊതുഗതാഗതസംവിധാനം കാര്യക്ഷമമാക്കാൻ ആരംഭിച്ച ബിഎംടിസിയുടെ ബസ് ദിനാചരണം പേരിന് മാത്രമാകുന്നു. ബസ് ദിനം ആരംഭിച്ചിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ബിഎംടിസിയെ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ. എല്ലാ മാസത്തിലെയും നാലാമത്തെ പ്രവൃത്തിദിവസമാണ് ബസ് ദിനം. ആദ്യകാലങ്ങളിൽ വിവിധ ബസ് ഡിപ്പോകൾ കേന്ദ്രീകരിച്ചു വിവിധ പരിപാടികൾ നടത്തിയിരുന്നെങ്കിലും പിന്നീട് ഇത് നിലച്ചു.
പുതിയ ബസ് സർവീസുകൾ ദിനാചരണത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന പതിവും ഇപ്പോൾ പേരിന് മാത്രമാണ്. റൂട്ടുകൾ ക്രമീകരിച്ചതിലെ അശാസ്ത്രീയതയും സമയത്തിന് ബസ് ലഭിക്കാത്തതുമാണ് പലരേയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. ബസ് സർവീസുകൾ ശാസ്ത്രീയമായി ക്രമീകരിക്കാൻ ആരംഭിച്ച ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം (ഐടിഎസ്) സംവിധാനവും കാര്യക്ഷമമായിട്ടില്ല. പ്രതിദിനം 50 ലക്ഷം പേർ ആശ്രയിക്കുന്ന ബിഎംടിസിയുടെ കഴിഞ്ഞ വർഷത്തെ നഷ്ടം 205 കോടി രൂപയാണ്. .