വിധാന സൗധയ്ക്കുള്ളിൽ ഇനി ‘കളറാകില്ല’; ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കർണാടക സർക്കാർ; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിലെ വിധാന സൗധ, വികാസ് സൗധ, ബഹുനില മന്ദിരം എന്നിവടങ്ങളിൽ നടക്കാനിരിക്കുന്ന ആയുധപൂജ ആഘോഷങ്ങൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. പാരമ്പര്യ പ്രൗഢിയുള്ള ഈ മന്ദിരങ്ങളുടെ സംരക്ഷണാർത്ഥം ഓഫീസുകൾക്കുള്ളിലും ഇടനാഴികളിലും രാസവർണ്ണങ്ങളും ഹാനികരമായ ചായങ്ങളും ഉപയോഗിക്കുന്നത് വിലക്കി വകുപ്പുകൾക്കും ജീവനക്കാർക്കും സർക്കാർ നിർദ്ദേശം നൽകി.

രാസവർണ്ണങ്ങൾ ഉപയോഗിക്കുന്നത് തറകളിലും ചുമരുകളിലും സ്ഥിരമായ പാടുകൾ വീഴ്ത്തുകയും മന്ദിരങ്ങളുടെ ദൃശ്യഭംഗിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് (ഡി.പി.എ.ആർ) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ മുൻപും പലതവണ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും പല ഓഫീസുകളും വകുപ്പുകളും ഇത് അവഗണിക്കുന്നത് തുടരുകയാണെന്നും ഇത് ഗൗരവകരമായ വിഷയമാണെന്നും സർക്കുലറിൽ പറയുന്നു.

ആഘോഷങ്ങൾക്ക് സ്വാഭാവികവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കൾ മാത്രം ഉപയോഗിക്കാനാണ് വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമിതമായി പുകയുണ്ടാക്കുന്നതോ ആരോഗ്യപ്രശ്നങ്ങൾക്കും അലർജിക്കും കാരണമാകുന്നതോ ആയ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. അതോടൊപ്പം, സാധാരണ ഗതിയിലുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾക്കോ പൊതുജന സേനങ്ങൾക്കോ പൊതുജനങ്ങളുടെ സഞ്ചാരത്തിനോ തടസ്സമില്ലാത്ത രീതിയിലായിരിക്കണം പൂജ ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.

ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന പൂക്കൾ, ഭക്ഷണ അവശിഷ്ടങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ കൃത്യമായി സംസ്കരിക്കുകയും ആഘോഷത്തിന് മുമ്പും ശേഷവും ശുചിത്വം പാലിക്കുകയും വേണം. സർക്കാർ രേഖകൾ, കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, മറ്റ് ഓഫീസ് ഉപകരണങ്ങൾ എന്നിവയ്ക്ക് നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.

പാരമ്പര്യ മന്ദിരങ്ങളുടെ ഭംഗി നിലനിർത്തേണ്ടത് എല്ലാ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഉത്തരവാദിത്തമാണെന്നും ഈ വിഷയത്തിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും അവർ തന്നെ ഇതിന് ഉത്തരവാദികളായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts