മാതാപിതാക്കളെ കബളിപ്പിച്ച് എടുത്ത കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു

ദാവൻഗരെ: മാതാപിതാക്കളെ കബളിപ്പിച്ച് കാറിൽ യാത്രയ്ക്കിറങ്ങിയ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ദാരുണമായി മരിച്ചു. കർണാടകയിലെ ദാവൻഗരെയിൽ വെള്ളിയാഴ്ചയാണ് ഈ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുട്ടികൾ സഞ്ചരിച്ചിരുന്ന കാർ ദേശീയപാത 48-ൽ വെച്ച് നിയന്ത്രണം വിട്ട് സി.എൻ.ജി സിലിണ്ടറുകൾ കയറ്റിയ കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

ശക്തി നഗർ സ്വദേശിയായ സ്രുജൻ ആർ. (14) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രാംതേജ റെഡ്ഡി (17) ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആദിത്യയ്ക്ക് (15) നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാനായി. സ്രുജനും ആദിത്യയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും രാംതേജ റെഡ്ഡി ഒന്നാം വർഷ പ്രീ-യൂണിവേഴ്സിറ്റി (പി.യു) വിദ്യാർത്ഥിയുമാണ്. സ്രുജനും രാംതേജ റെഡ്ഡിയും ശക്തി നഗർവാസികളാണ്.

ദസറ അവധിക്കാലത്ത് എല്ലാ ദിവസവും രാവിലെ ഇവർ മൂവരും ചേർന്ന് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കാൻ പോകുകയാണെന്ന് മാതാപിതാക്കളെ കള്ളം പറഞ്ഞാണ് സ്രുജനും രാംതേജയും വീടുവിട്ടിറങ്ങിയത്. തുടർന്ന് ഇവർ ജെ.എച്ച്. പട്ടേൽ ലേഔട്ടിലുള്ള ആദിത്യയുടെ വീട്ടിലെത്തി.

ആദിത്യയുടെ പിതാവ് സുരേഷ് കൽബുർഗിയിൽ എൻജിനീയറാണ്. ആദിത്യയുടെ അമ്മ വ്യാഴാഴ്ച രാത്രി ഷിർദിയിലേക്ക് പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി, ആദിത്യയുടെ പിതാവിന്റെ കാറിൽ മൂവരും ചേർന്ന് ഉല്ലാസയാത്ര പോകാൻ പദ്ധതിയിടുകയായിരുന്നു.

ആദ്യം ആദിത്യയാണ് കാർ ഓടിച്ചത്. പിന്നീട് വണ്ടി സ്രുജന് കൈമാറി. ദേശീയപാത 48 വഴി അംഗോഡു വരെ ഇവർ യാത്ര ചെയ്തു. തുടർന്ന് ബാഡ ക്രോസിന് സമീപമെത്തിയപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മുന്നിൽ സി.എൻ.ജി സിലിണ്ടറുകളുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ അതിവേഗത്തിൽ ഇടിക്കുകയുമായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നുതരിപ്പണമായി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തതെന്ന് ട്രാഫിക് പോലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts