തീപിടിച്ചാൽ എന്തുചെയ്യും? ലിഫ്റ്റുകൾ തരാറിൽ; ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനത്തിന് തൊട്ടുമുൻപ് 36 വൻ സുരക്ഷാ വീഴ്ചകൾ പുറത്ത്

ബെംഗളൂരു: വരാനിരിക്കുന്ന നല്ലാ മെട്രോ പിങ്ക് ലൈൻ പദ്ധതിയുടെ (കലേന അഗ്രഹാര – തവരെക്കെരെ ഭാഗം) സുരക്ഷാ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ (സി.എം.ആർ.എസ്) നേതൃത്വത്തിൽ ഒക്ടോബർ 6 മുതൽ 8 വരെ നടത്തിയ പരിശോധനയിലാണ് അഗ്നിശമന സംവിധാനങ്ങളുടെ കുറവുകൾ, തകരാറിലുള്ള ലിഫ്റ്റുകൾ, കേടായ എർത് കണക്ഷനുകൾ എന്നിവയുൾപ്പെടെ 36 സുരക്ഷാ-സാങ്കേതിക തടസ്സങ്ങൾ കണ്ടെത്തിയത്.

സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷൻ, ട്രെയിൻ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ 36 പ്രധാന പോരായ്മകളാണ് അഞ്ച് പേജുള്ള പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സ്റ്റേഷനുകളിലെ അപൂർണ്ണമായ അടിയന്തര ഒഴിപ്പിക്കൽ സംവിധാനങ്ങളും ലഘുലേഖകളും, ട്രെയിൻ പരീക്ഷണങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ, വയഡക്ടുകളിലെ ഇലക്ട്രിക്കൽ എർത്തിങ് തകരാറുകൾ, റെയിൽ-ടോപ്പ് തുരുമ്പെടുക്കൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രേഖകളും പരിശോധനയിൽ അപൂർണ്ണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബർ 9-ന് അയച്ച കത്തിലൂടെ, ഈ പോരായ്മകൾ പരിഹരിച്ചുകൊണ്ടുള്ള കംപ്ലയൻസ് റിപ്പോർട്ടുകളും ആവശ്യമായ സാങ്കേതിക രേഖകളും സമർപ്പിക്കാൻ സി.എം.ആർ.എസ് (സതേൺ സർക്കിൾ) ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷനോട് (ബി.എം.ആർ.സി.എൽ) ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ ലഭിച്ച ശേഷമേ പാതയിൽ യാത്രക്കാരുടെ പ്രവേശനം സാധൂകരിക്കുകയുള്ളൂ.

അതേസമയം, സി.എം.ആർ.എസ് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ ഒന്നോ രണ്ടോ ദിവസത്തിനകം പരിഹരിക്കാൻ കഴിയുമെന്ന് ബി.എം.ആർ.സി.എൽ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചയുടൻ പിങ്ക് ലൈനിന്റെ കൊമേഴ്സ്യൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തീയതി നിശ്ചയിക്കാൻ ബി.എം.ആർ.സി.എൽ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സർക്കാർ ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts