ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്ന എൻഡ്-ടു-എൻഡ് ഡബിൾ ഡെക്കർ ഫ്ലൈഓവറിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സിവിൽ ടെൻഡറുകൾ റദ്ദാക്കി ബിഎംആർസിഎൽ (BMRCL). കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മെട്രോ മൂന്നാം ഘട്ടത്തിലെ ഓറഞ്ച് ലൈനിലാണ് പൂർണ്ണ തോതിലുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നത്. എന്നാൽ പദ്ധതിക്ക് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അനുമതി നൽകാതിരുന്നതോടെ ജനുവരിയിൽ ക്ഷണിച്ച മൂന്ന് സിവിൽ ടെൻഡറുകൾ ബിഎംആർസിഎൽ പൂർണ്ണമായി റദ്ദാക്കുകയായിരുന്നു.
കേന്ദ്രത്തിന്റെ എതിർപ്പും ഐഎസ്എസ്സി പഠനവും ജെ.പി. നഗർ നാലാം ഘട്ടം മുതൽ കെമ്പാപുര വരെയുള്ള പാതയിലും കടബാഗെരെ-ഹൊസഹള്ളി വരെയുള്ള പാതയിലുമായി 32 കിലോമീറ്ററിൽ 12 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഡബിൾ ഡെക്കർ പദ്ധതി വിഭാവനം ചെയ്തിരുന്നത്. പൂർണ്ണ തോതിലുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കൂട്ടുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. റോഡ് ഗതാഗതം കൂടുതൽ എളുപ്പമാകുന്നതോടെ ആളുകൾ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് വർദ്ധിക്കുമെന്നും ഇത് മെട്രോ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഐഎസ്എസ്സി (ISSC) നടത്തിയ പഠനത്തിലും മെട്രോ റൂട്ടിൽ ഫ്ലൈഓവർ വരുന്നത് സ്വകാര്യ വാഹന ഉപയോഗവും വായുമലിനീകരണവും കാർബൺ ബഹിർഗമനവും കൂട്ടുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
പൂർണ്ണ ചെലവ് വഹിക്കാൻ തയ്യാറായി സംസ്ഥാന സർക്കാർ 9,700 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചിട്ടും കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ല. ഡബിൾ ഡെക്കർ ഫ്ലൈഓവർ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഡബിൾ ഡെക്കർ പദ്ധതി പൂർത്തിയാകുന്നത് ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന അഭിപ്രായമാണ് സാധാരണ മെട്രോ യാത്രക്കാരും പങ്കുവെക്കുന്നത്. പദ്ധതിയുടെ നിർമ്മാണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലെ തീരുമാനങ്ങൾ നിർണ്ണായകമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]