ബെംഗളൂരുവിൽ പട്ടാപ്പകൽ അതിക്രമം; നഴ്സായ ഭാര്യയെ വെട്ടിവീഴ്ത്തി ആസിഡൊഴിച്ച് ഭർത്താവ്

ബെംഗളൂരു: ബെംഗളൂരു ജെ.പി നഗറിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ വെട്ടിവീഴ്ത്തി ഭർത്താവ് ആസിഡ് ഒഴിച്ചു. ജെ.പി നഗർ തേർഡ് ഫേസിലെ നാരായണ ക്ലിനിക്കിലെ നഴ്സും കൊൽക്കത്ത സ്വദേശിയുമായ മധുമിതയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ തമിഴ്‌നാട് മധുര സ്വദേശിയായ ഭർത്താവ് വെങ്കടേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രഭാതഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് മധുമിത ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ വെങ്കടേഷ് പിന്തുടരുന്നത് കണ്ട് ഭയന്ന മധുമിത ആശുപത്രിയുടെ പാർക്കിംഗ് മേഖലയിലേക്ക് ഓടിക്കയറിയെങ്കിലും, മറുകയ്യിൽ കത്തിയും ആസിഡുമായി ഓടിയെത്തിയ ഇയാൾ യുവതിയെ നിലത്തു വീഴ്ത്തി ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് തലങ്ങും വിലങ്ങും വെട്ടി പരിക്കേൽപ്പിച്ചു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വെങ്കടേഷ് അവരെയും ആക്രമിക്കാൻ മുതിർന്നു. നിലവിളി കേട്ടെത്തിയ ട്രാഫിക് പോലീസുകാരാണ് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത്.

2024-ൽ വിവാഹിതരായ ഇരുവരും കഴിഞ്ഞ ഒരു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. മുൻപ് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന വെങ്കടേഷ്, മധുമിതയുമായി പിണങ്ങിയ ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മധുമിതയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts