ബെംഗളൂരു: തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്ത 27-കാരിക്ക് നേരെ വാക്കേറ്റവും മർദ്ദനവും. ബെംഗളൂരു ഡോംലൂരിൽ ഓഗസ്റ്റ് 10-നായിരുന്നു സംഭവം. കേസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡോംലൂർ ഫസ്റ്റ് സ്റ്റേജിൽ വീടിന് പുറത്ത് അയൽവാസിയുമായി സംസാരിച്ചുനിൽക്കുകയായിരുന്ന സഞ്ജന (പേര് മാറ്റിയിട്ടുണ്ട്) എന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തെരുവിൽ നിന്ന നായയെ ഒരാൾ ബോധപൂർവ്വം കല്ലെറിയുന്നത് കണ്ട സഞ്ജനയും അയൽവാസിയും ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിൽ ഭയന്ന നായയും മറ്റ് രണ്ട് നായകളും ഓടിയത് സമീപത്തെ വീടിന് മുന്നിൽ നിന്ന പെൺകുട്ടിയുടെ അടുത്തേക്കാണ്. ഇതോടെ കുട്ടി പേടിച്ച് നിലവിളിക്കുകയും സഞ്ജന കുട്ടിയെ സഹായിക്കാനായി അടുത്തേക്ക് ഓടിയെത്തുകയും ചെയ്തു.
എന്നാൽ കുട്ടിയുടെ കുടുംബാംഗങ്ങൾ പുറത്തേക്കുവന്ന സമയം, പ്രദേശവാസിയായ മറ്റൊരു വ്യക്തി “നായകളെ കൊന്നു കളയൂ” എന്ന് തെലുങ്കിൽ ഉറക്കെ വിളിച്ച് പറഞ്ഞ് അന്തരീക്ഷം വഷളാക്കുകയായിരുന്നു. തുടർന്ന് പ്രകോപിതരായ കുടുംബത്തിലെ രണ്ടുപേർ കല്ലുകളെടുത്ത് നായകളെ ഓടിച്ചു. ഇതിന് പിന്നാലെയാണ് ഇവർ സഞ്ജനയ്ക്ക് നേരെ തിരിഞ്ഞത്.
നാലഞ്ചു പേരടങ്ങുന്ന സംഘം തന്നോട് തർക്കിക്കുകയും വഴിതടസ്സപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. അകലം പാലിക്കാൻ ആവശ്യപ്പെട്ടിട്ടും സംഘത്തിലുണ്ടായിരുന്ന പ്രായമായൊരാൾ അസഭ്യം പറയുകയും ബലമായി തള്ളിമാറ്റുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസ് ഹെൽപ്പ് ലൈനിൽ വിവരമറിയിച്ചത്.
യുവതിയുടെ പരാതിയിൽ ആളുകളെ തടഞ്ഞുവെക്കൽ, മനഃപൂർവ്വം പരിക്കേൽപ്പിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
