വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ശിക്ഷാവിധി നേരിട്ട മുൻ എം.പി പ്രജ്വൽ രേവണ്ണ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി. ലൈംഗികാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രജ്വൽ രേവണ്ണ പാർപ്പിച്ചിരുന്ന മുറിയിൽ നിന്ന് 5ജി സ്മാർട്ട്ഫോണും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പ്രജ്വൽ രേവണ്ണയെയും മറ്റൊരു തടവുകാരനെയും പ്രതിയാക്കി പരപ്പന അഗ്രഹാര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സുരക്ഷാ വിഭാഗം മൂന്നിലെ ഒന്നാം നിലയിലുള്ള നാലാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇളം നീല നിറത്തിലുള്ള റെഡ്മി 5ജി സ്മാർട്ട്ഫോൺ, വൈറ്റ് ചാർജർ, സാൻഡിസ്ക് പെൻഡ്രൈവ്, നീല പോക്കറ്റ് നോട്ട്ബുക്ക് എന്നിവ പോലീസ് കണ്ടെടുത്തത്. പോക്സോ കേസിൽ വിചാരണ നേരിടുന്ന പ്രതാപ് റായ് എന്ന തടവുകാരനൊപ്പം ഉയർന്ന സുരക്ഷയുള്ള പ്രത്യേക സെല്ലിലാണ് പ്രജ്വൽ രേവണ്ണയെ പാർപ്പിച്ചിരുന്നത്. പരിശോധനാ സമയത്ത് തടവുകാർക്കുള്ള ഔദ്യോഗിക വസ്ത്രത്തിന് പകരം സാധാരണ വസ്ത്രധാരണത്തിലായിരുന്നു രേവണ്ണ.

കണ്ടെടുത്ത സാധനങ്ങളിൽ പോക്കറ്റ് നോട്ട്ബുക്ക് തന്റേതാണെന്ന് രേവണ്ണ സമ്മതിച്ചപ്പോൾ ഫോണും മറ്റ് ഉപകരണങ്ങളും തന്റേതാണെന്നാണ് പ്രതാപ് റായ് പോലീസിനോട് പറഞ്ഞത്. എന്നാൽ ബന്ധുക്കളെയും വക്കീലിനെയും വിളിക്കാൻ താൻ ഈ ഫോൺ ഉപയോഗിച്ചിരുന്നതായി രേവണ്ണ അന്വേഷണസംഘത്തോട് വ്യക്തമാക്കി. പ്രതാപ് റായും ഫോൺ ഉപയോഗിച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. പരിശോധിച്ച ഫോണിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെസഞ്ചർ ആപ്പുകളും നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടായിരുന്നു. ഇവയെല്ലാം പാസ്‌വേഡ് ഉപയോഗിച്ച് പൂട്ടിയ നിലയിലാണ്.

ഫോണിന്റെ പാസ്‌വേഡ് അറിയില്ലെന്നാണ് പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഫോണിലെ സിം കാർഡ് അടുത്തിടെ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത വസ്‌തുക്കൾ കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. നേരത്തെ ഓഗസ്റ്റ് 6-ന് ജയിൽ ഉദ്യോഗസ്ഥർ രേവണ്ണയുടെ ബാരക്കിൽ സമാനമായ പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കർണാടക പ്രിസൺസ് (ഭേദഗതി) ആക്ട് സെക്ഷൻ 42, ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 323 എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇതിനിടെ ജയിലിനുള്ളിൽ പ്രജ്വൽ രേവണ്ണ ടി-ഷർട്ടും സ്വെറ്റ് പാന്റും ധരിച്ച് ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച വൈകുന്നേരത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ അടുത്തിടെയുള്ളതല്ലെന്നും കുറഞ്ഞത് ആറുമാസമെങ്കിലും പഴക്കമുള്ളതാണെന്നുമാണ് ഉന്നത ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന. ജയിലിനുള്ളിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts