ബെംഗളൂരു: കർണാടക സെക്കൻഡറി വിദ്യാഭ്യാസ പരീക്ഷാ ബോർഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ എക്കാലത്തെയും ഉയർന്ന വിജയശതമാനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആൾമാറാട്ടത്തിന് ഡിബാർ ചെയ്ത ഒരു വിദ്യാർത്ഥി ഒഴികെ, പരീക്ഷ എഴുതിയ 8,71,443 വിദ്യാർത്ഥികളും ഈ വർഷം വിജയിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ അല്പം മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷയെഴുതിയ ആൺകുട്ടികളിൽ ഒരു വിദ്യാർത്ഥി പോലും പരാജയപ്പെടാതെ 100% വിജയശതമാനം നേടി. പെൺകുട്ടികളിൽ 99.99 ശതമാനമാണ് വിജയശതമാനം.
പുതിയ കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ഒരു പ്രസ്സ് കോൺഫറൻസിലാണ് ഇന്നലെ ഫലങ്ങൾ പ്രഖ്യാപിച്ചത്. ‘Sslc.karnataka.gov.in, karresults.nic.in, kseeb.kar.nic.in’ എന്നീ വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം.
8.7 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കാൻ കഴിയും. കോവിഡ് രണ്ടാം തരംഗത്തിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. എസ്എസ്എൽസി പരീക്ഷകൾ റദ്ദാക്കിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് എല്ലാ മുൻകരുതലുകളോടെയും കൂടെയാണ് സംസ്ഥാനം പരീക്ഷകൾ നടത്തിയത്. ജൂലൈ 19, 22 തീയതികളിൽ ഒബ്ജക്ടീവ് ടൈപ്പ് ഫോർമാറ്റിലാണ് പരീക്ഷകൾ നടന്നത്. 2020 ൽ71.80% ആയിരുന്നു സംസ്ഥാനത്ത് SSLC പരീക്ഷയുടെ വിജയ ശതമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.