മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് യെദ്യുരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍;”കാരവന്‍” മാസിക വെളിപ്പെടുത്തിയത് പ്രകാരം അരുണ്‍ ജൈറ്റ്ലിക്കും നിതിന്‍ ഗഡ്കരിക്കും രാജ് നാഥ് സിംഗിനും 150 കോടി രൂപ വീതം നല്‍കി;അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും 50 കോടി രൂപവീതം;യെദിയൂരപ്പയുടെ ഡയറിയില്‍ നിന്ന് കിട്ടിയതാണ് രേഖകള്‍ എന്ന് കാരവന്‍.

ഡല്‍ഹി :ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി ഗുരുതര ആരോപണങ്ങള്‍. ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 – 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍. ‘കാരവന്‍’ മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.  സംഭവത്തിന്‍റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിർന്ന നേതാക്കൾക്ക് യെദ്യൂരപ്പ കൈക്കൂലി നൽകിയതെന്നാണ് രേഖകളിൽ പറയുന്നത് . 2017 മുതൽ ആദായനികുതി വകുപ്പിന്‍റെ പക്കൽ ഈ രേഖകളുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും ആദായനികുതി വകുപ്പ് എടുക്കാത്തതെന്താണെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. ഇത്രയധികം പണം യെദ്യൂരപ്പയുടെ പക്കൽ എവിടെ നിന്നാണെന്നും ആർക്കും അറിയില്ല.

മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് കണക്കുകൾ യെദ്യൂരപ്പ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

പിന്‍കാലത്ത് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇത്ര വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ഇതിലെ വിവരങ്ങള്‍ പുറത്തു വരുന്നത്.  2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ പ്രകാരം  ആയിരം കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലിക്കും നിതിന്‍ ഗഡ്കരിക്കും 150 കോടി വീതം യെദ്യൂരപ്പ നല്‍കി. രാജ്നാഥ് സിങിന് നൂറ് കോടി നല്‍കിയപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും അന്‍പത് കോടി വീതമാണ് നല്‍കിയതെന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ നിതിന്‍ ഗഡ്കരിയുടെ മകന്‍റെ കല്യാണത്തിന് മാത്രം പത്ത് കോടി വേറെയും നല്‍കിയിട്ടുണ്ടെന്ന് ഡയറിയില്‍ കുറിച്ചു വച്ചിട്ടുണ്ട്.

കർണാടക മുഖ്യമന്ത്രിയായി തന്നെ നിയമിക്കുന്നതിന് വേണ്ടിയാണ് യെദ്യൂരപ്പ ഇത്രയും പണം ഒഴുകിയതെന്നാണ് വാർത്താ സമ്മേളനത്തിൽ രാജീവ് ശുക്ല ആരോപിക്കുന്നത്. ഇതിന് തെളിവായി ഡയറിയിൽ യെദ്യൂരപ്പ ഇത് എഴുതി വച്ചതും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

വിവിധ കേസുകള്‍ കൈകാര്യം ചെയ്തതിന് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 250 കോടി നല്‍കിയെന്ന് ഡയറിയിലുണ്ട്. എന്നാല്‍ ആരൊക്കെയാണ് ഈ ജഡ്ജിമാരും അഭിഭാഷകരും എന്ന് വ്യക്തമല്ല. 2009 ജനുവരി 17 – നാണ്  ബിജെപി നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയ കാര്യം രേഖപ്പെടുത്തി വച്ചത്. ജനുവരി എട്ടിനാണ് ബിജെപി പാര്‍ലമെന്‍ററി കമ്മിറ്റിക്ക് നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us