കണ്ണൂര്‍: മണിക്കൂറുകളുടെ ഇടവേളയില്‍ ഇന്നലെ കേരളത്തില്‍ നടന്നത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. മാഹിയിലും കണ്ണൂരിലുമാണ് കൊലപാതങ്ങള്‍ നടന്നത്.
മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു ഇരുകൊലപതകങ്ങളും നടന്നത്.
പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്‍റെ മകന്‍ 45 കാരനായ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. സിപിഎം നേതാവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായിരുന്നു ബാബു. രാത്രി പത്തുമണിയോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു ബാബുവിന് വെട്ടേറ്റത്. തലയ്ക്കും കഴുത്തിനും വയറിനും വെട്ടേറ്റ ബാബുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ് ബാബു. അനിതയാണു ഭാര്യ, അനുനന്ദ, അനാമിക, അനുപ്രിയ എന്നിവരാണു മക്കള്‍.
ഈ സംഭവത്തിനു തൊട്ടു പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയത്. 42 കാരനായിരുന്നു ഷമേജ്. പറമ്പത്തു മാധാവന്‍റെയും വിമലയുടെയും മകനാണു ഷമേജ്. ദീപയാണു ഭാര്യ. അഭിനവ് ഏകമകനും.
മാഹി, തലശ്ശേരിക്കു സമീപം മടപീടിക എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. മാഹിയിലെ ചെമ്പ്രയില്‍ പൊലീസ് റെയ്ഡ് നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പാനൂര്‍ മേഖലയില്‍ പൊലീസ് ജാഗ്രതയിലാണ്.
സംഭവത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അപലപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് സിപിഎമ്മും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മാഹി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ബാബു. ആറു മാസം മുന്‍പു ബാബുവിന്‍റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു. ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സമാധാനം നിലനിന്നിരുന്ന കണ്ണൂരില്‍ ആര്‍എസ്എസ് കൊലക്കത്തി താഴെവയ്ക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കൂത്തുപറമ്പില്‍ ആയുധപരിശീലന ക്യാംപ് കഴിഞ്ഞതിനു പിന്നാലെ ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകം. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പോലീസ് അന്വേഷിക്കണം. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു.
അതേസമയം, മാഹിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്‍റെ കൊലപാതകം നിന്ദ്യവും ആസൂത്രിതവുമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍ പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്‍റെ കൊലപാതകത്തെപ്പറ്റി ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും അറിവില്ല. എന്നിട്ടും അതിന്‍റെ ചുവടുപിടിച്ച് ആസൂത്രിതമായി നടപ്പാക്കിയതാണ് ഷമേജിന്‍റെ കൊലപാതകം. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും സത്യപ്രകാശന്‍ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.