ബെംഗളൂരു: സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ ടിപ്പുജയന്തി ആഘോഷം നിർത്തലാക്കിയതിനുപിന്നാലെ ഹിന്ദുത്വസംഘടനാപ്രവർത്തകരുടെ പേരിലുള്ള കേസുകളും റദ്ദാക്കാനാരുങ്ങുന്നു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് രണ്ടായിരത്തോളം ഹിന്ദുത്വസംഘടനാപ്രവർത്തകരുടെ പേരിലെടുത്ത കേസുകൾ റദ്ദാക്കാനാണ് നീക്കം.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിയമസഭാംഗങ്ങളായ കെ.ജി. ബൊപ്പയ്യ, രൂപാളി നായിക് എന്നിവരാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് അപേക്ഷ നൽകിയത്. എം.എൽ.എ.മാരുടെ അപേക്ഷയിൽ ആവശ്യമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.
2017-ൽ ഉത്തര കന്നഡയിലെ ഹൊന്നവാരയിൽ ബി.ജെ.പി. പ്രവർത്തകൻ പരേഷ് മെസ്തയെ മരിച്ചനിലയിൽ കാണപ്പെട്ടതിനെത്തുടർന്നും ടിപ്പുജയന്തി ആഘോഷത്തെത്തുടർന്നും ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പ്രവർത്തകരുടെപേരിൽ കേസെടുത്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്ക്കുനേരെ കടുത്ത വിമർശനമാണ് ബി.ജെ.പി. ഉന്നയിച്ചത്. സിദ്ധരാമയ്യയുടെകീഴിൽ ഹിന്ദുക്കൾക്ക് സുരക്ഷിതമായി ജീവിക്കാൻപറ്റുന്ന സാഹചര്യമല്ലെന്നായിരുന്നു ബി.ജെ.പി.യുടെ ആരോപണം.
അതിനിടെ, കേസ് റദ്ദാക്കുന്ന കാര്യത്തിൽ സർക്കാർ ഔദ്യോഗിക തീരുമാനമെടുക്കുന്നതിനുമുമ്പേ മുഖ്യമന്ത്രി യെദ്യൂരപ്പയെ അഭിനന്ദിച്ച് മുതിർന്ന ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ ട്വീറ്റ് ചെയ്തു. ‘രാഷ്ട്രീയപ്രേരിതവും തെറ്റായതുമായ പരാതിയിൽ നിഷ്കളങ്കരായ ഹിന്ദുക്കളുടെ പേരിലെടുത്ത കേസുകൾ പിൻവലിച്ച’ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നായിരുന്നു ട്വീറ്റ്.
കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടതിനെതിരേ കെ.പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു രംഗത്തെത്തി. നിരപരാധികളുടെപേരിലെ കേസുകൾ പിൻവലിക്കുന്നതിൽ തെറ്റില്ലെന്നും എം.എൽ.എ.മാർ ആവശ്യപ്പെട്ടത് പ്രത്യേകവിഭാഗത്തിനെതിരായ കേസ് പിൻവലിക്കണമെന്നാണെന്നും ഗുണ്ടുറാവു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.