ബെംഗളൂരു : സംസ്ഥാനതല കന്നഡ രാജ്യോത്സവ ആഘോഷങ്ങൾക്ക് ഇന്ന് വേദിയാകുന്ന ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നതിനാലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.
ഗതാഗത വഴിതിരിച്ചുവിടൽ
നൃപതുംഗ റോഡ്, എൻ.ആർ. റോഡ്, പോലീസ് കോർണർ-എച്ച്.എൽ.ഡി എന്നിവിടങ്ങളിൽ നിന്ന വരുന്ന വാഹനങ്ങൾ കെ.ബി. റോഡ്, എച്ച്.എൽ.ഡി ജംഗ്ഷൻ വഴി വലത്തേക്ക് തിരിഞ്ഞ് ഹഡ്‌സൺ ജംഗ്ഷൻ, ദേവാങ് ജംഗ്ഷൻ വഴി മിഷൻ റോഡ് ഫ്ലൈഓവർ കയറി റെസിഡൻസി റോഡിലേക്ക് പോകണം.
കെ.എച്ച്. റോഡിൽ നിന്ന് ശാന്തിനഗർ, റിച്ച്മണ്ട് സർക്കിൾ, ആർ.ആർ.എം.ആർ. റോഡ് വഴി മജസ്റ്റിക്കിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ശാന്തിനഗർ ജംഗ്ഷന് സമീപം ഇടത്തേക്ക് തിരിഞ്ഞ് സുബ്ബയ്യ സർക്കിൾ വഴി പോകേണ്ടതാണ്. തുടർന്ന് പൂർണിമ ജംഗ്ഷന് സമീപത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് ശിവാജി ജംഗ്ഷൻ എൻ.ആർ. റോഡ് വഴി യാത്ര തുടരാവുന്നതാണ്.
പാർക്കിംഗ് നിരോധിച്ച റോഡുകൾ
പരിപാടിയുടെ ഭാഗമായി സ്റ്റേഡിയത്തിന് സമീപമുള്ള പ്രധാന റോഡുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നൃപതുംഗ റോഡ്, കസ്തൂരബാ റോഡ്, കെംപഗൗഡ റോഡ്, ആർ.ആർ.എം.ആർ. റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
