ദാഹിച്ചു വെള്ളം കുടിക്കുന്നവർ അറിയാൻ: സംസ്ഥാനത്ത് 7 ജനപ്രിയ കുടിവെള്ള യൂണിറ്റുകൾ പൂട്ടിപ്പൂട്ടി! പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ബെംഗളൂരു: സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക പരിശോധനകൾക്കൊടുവിൽ കടുത്ത ശുചിത്വമില്ലായ്മയും ലൈസൻസ് നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ 7 പാക്കറ്റ് കുടിവെള്ള നിർമ്മാണ യൂണിറ്റുകൾ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവിഭാഗം. ഒക്ടോബർ 29, 30 തീയതികളിലായി നടന്ന മിന്നൽ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 53 കുടിവെള്ള നിർമ്മാണ കേന്ദ്രങ്ങൾക്ക് (FBO) കാരണം കാണിക്കൽ നോട്ടീസ് നൽകി.

നിയമലംഘകർക്കെതിരെ കർശന നടപടി

ഗുരുതരമായ ശുചിത്വക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് ഹാസനിലെ എസ്.പി ഫുഡ് ആൻഡ് ബെവറേജസ്, ബെംഗളൂരു അർബനിലെ അവന്തി ഇൻഡസ്ട്രീസ്, ബീദറിലെ സായി റാം ഫുഡ് ബെവറേജസ് എന്നിവയാണ് പൂട്ടിച്ചത്. എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന് ബെംഗളൂരു അർബനിലെ ഓം ശക്തി മിനറൽസ്, കലബുറഗിയിലെ നന്ദി ഫുഡ് ആൻഡ് ബെവറേജസ്, മൈസൂരു റൂറലിലെ ഡാലിയ ബെവറേജസ് എന്നിവ പൂട്ടിപ്പൂട്ടിച്ചു. കൂടാതെ, പരിശോധനാ സംഘത്തോട് സഹകരിക്കാതിരുന്ന കലബുറഗിയിലെ അക്വാ റീഫ്രഷ് യൂണിറ്റും അധികൃതർ അടപ്പിച്ചു.

ബെംഗളൂരുവിൽ കുടിവെള്ള ബോട്ടിലുകൾ പിടിച്ചെടുത്തു

ബെംഗളൂരു റൂറലിലെ ദേവനഹള്ളി താലൂക്കിലുള്ള എം.എസ് ഫുഡ് ആൻഡ് ബെവറേജസിൽ നിന്ന് ലേബലിംഗ് മാനദണ്ഡങ്ങളിലെ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് 7,380 രൂപ വിലമതിക്കുന്ന 82 കേസ് ഒരു ലിറ്ററിന്റെ കുടിവെള്ള ബോട്ടിലുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രണ്ടു ദിവസത്തെ പരിശോധനയ്ക്കിടെ ആകെ 102 യൂണിറ്റുകൾ സന്ദർശിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയ പരിശോധനയ്ക്കായി 69 കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് സർക്കാർ ഫുഡ് ലാബുകളിലേക്ക് അയച്ചു.

പരിശോധന തുടരുമെന്ന് മുന്നറിയിപ്പ്

ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അഭാവം, ക്ലീനിംഗ് റിപ്പോർട്ടുകളിലെ പോരായ്മ, പെസ്റ്റ് കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്തത്, ലേബലിംഗ് അപകാതകൾ എന്നിവയ്ക്കാണ് 53 സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചത്. 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം വരുന്ന വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts