ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് നിർമാണ-വിതരണ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ ആർ. പ്രശാന്ത് ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 5.30-ഓടെ ഷാർജയിൽ നിന്ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നപ്പോഴാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിലെ പാപ്പറെഡ്ഡിപാളയ സ്വദേശിയും മെഡിക്കൽ റെപ്രസന്റേറ്റീവുമായ പ്രശാന്ത് ബാബു, തവറെക്കെരെയിലെ വ്യാജമരുന്ന് നിർമാണ കേന്ദ്രത്തിന്റെ പ്രധാന കണ്ണികളിൽ ഒരാളാണ്.
ഓഗസ്റ്റ് 18-നാണ് രാമനഗര-ബംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്കടുത്ത് തവറെക്കെരെയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വ്യാജമരുന്ന് കേന്ദ്രം പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കണ്ടെത്തിയത്. അഞ്ചു കോടി രൂപയോളം വിലമതിക്കുന്ന വ്യാജവും കാലാവധി കഴിഞ്ഞതുമായ മരുന്നുകളും, പാക്കിംഗ് സാമഗ്രികളും, മരുന്ന് നിറയ്ക്കുന്നതിനുള്ള ഉപകരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മിനർവ സർക്കിളിൽ ക്രുപ ഹെൽത്ത് കെയർ നടത്തിയിരുന്ന പ്രധാന സൂത്രധാരൻ വീരേഷ് കുമാർ ജയിൻ ഉൾപ്പെടെ എട്ടു പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
സി.കെ. താണ്ഡ്യ ഗ്രാമത്തിലെ പാടത്ത് ഉപേക്ഷിച്ച നിലയിൽ വിയലുകളും ട്യൂബുകളും മരുന്ന് പൊടികളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒരു തൊഴിലാളി കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. വിവരം അറിഞ്ഞ തവറെക്കെരെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശിവരാജ് സാധാരണ വേഷത്തിലെത്തി സാമ്പിളുകൾ ശേഖരിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (FSDA) പ്രാദേശിക പോലീസും ചേർന്ന് കുറുബറ കാരനഹള്ളിയിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയിലാണ് വൻ വ്യാജമരുന്ന് മാഫിയയുടെ വിവരങ്ങൾ പുറത്തുവന്നത്.
തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ അനധികൃത നിർമാണ കേന്ദ്രങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ മരുന്നുകളും കാലാവധി കഴിഞ്ഞവയും കുറഞ്ഞ വിലയുള്ള കാൻസർ മരുന്നുകളും ശേഖരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഇവ ബിഡദിയിലെ ഫാം ഹൗസിലെത്തിച്ച് പുതിയ കുപ്പികളിലേക്കും പാക്കറ്റുകളിലേക്കും മാറ്റി സാംപിളുകൾ തയ്യാറാക്കും. തുടർന്ന് ഫൈസർ, കൂപ്പാ ഹെൽത്ത് കെയർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകളും സീലുകളും പതിച്ച് വൻ വിലയ്ക്കാണ് ഇവർ വിപണിയിൽ വിറ്റഴിച്ചിരുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]