ഇന്ത്യൻ ഗോൾഡൻ ക്വാഡ്രിലാറ്ററൽ ബൈക്കിൽ പൂർത്തിയാക്കി മലയാളി യുവതി.

ബെംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ട് ബൈക്കിൽ ഒറ്റക്ക് ആറ് ദിവസം കൊണ്ട് പൂർത്തിയാക്കി മലയാളി യുവതി. തൃശൂർ, ചാലക്കുടി സ്വദേശിയായ ജീന മരിയ തോമസ് (29) ആണ് ആറ് ദിവസത്തിനിടെ 6,000 കിലോമീറ്റർ പിന്നിട്ടത്.

ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പാതയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒരു വനിത ഈ റൈഡ് പൂർത്തിയാക്കുന്നത്.

ലോക വനിതാ ദിനമായ മാർച്ച് എട്ടിന് ബെംഗളുരുവിൽ നിന്നാണ് ജീനയുടെ സോളോ ട്രിപ് ആരംഭിച്ചത്. രാജ്യത്തെ കോടിക്കണക്കിന് വനിതകൾക്ക് പ്രചോദനം നൽകുന്നതിനൊപ്പം വിഷാദരോഗമെന്ന വെല്ലുവിളി നേരിടുന്ന യുവാക്കൾക്ക് കരുത്ത് പകരണമെന്ന ആഗ്രഹവും ജീനക്കൊപ്പമുണ്ടായിരുന്നു. Embrace Passion, Beat Depression എന്ന മുദ്രാവാക്യവുമായി ജീന ബൈക് സ്റ്റാർട്ട് ചെയ്തത് സ്വയം തിരികെ പിടിക്കാൻ വേണ്ടി കൂടിയാണ്.

കുട്ടിക്കാലം മുതലേ യാത്രകളും ടൂവീലറുകളും ഹരമാണ് ജീനയ്ക്ക്. ജേണലിസം പഠനം കഴിഞ്ഞ് ആകാശവാണിയിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴും യാത്ര ഒരു പാഷനായി തുടർന്നു. കൊവിഡ് കാലം വന്നതോടെ ജോലിയും യാത്രയും മുടങ്ങി. കൂട്ടുകാർക്കൊപ്പം ജിൽ ജില്ലായി പാറി നടന്ന ജീനയ്ക്ക് ആകെ മടുത്തു. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്വീഡനിലേക്ക് താമസം മാറിയെങ്കിലും കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായില്ല. യാത്രയ്ക്കൊപ്പം നാടിനേയും കൂട്ടുകാരേയും മിസ് ചെയ്യാൻ ആരംഭിച്ചതോടെ വിഷാദരോഗം പതിയെ ജീവിതത്തിലേക്ക് തലനീട്ടിത്തുടങ്ങി. സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമോ എന്ന ആശങ്കകൾക്കിടെയാണ് ഒരു കനൽ തരി പൊലെ കിടന്നിരുന്ന റൈഡിങ്ങ് സ്പിരിറ്റ് ഊർജമായത്. 2018 ഇൽ അമേരിക്കൻ റൈഡേഴ്‌സ് അസോസിയേഷന്റെ ചലഞ്ച് ഏറ്റടുത്ത് റെക്കോർഡ്‌ ഇട്ടത് ആത്മവിശ്വാസമായി. ഗോൾഡൻ ക്വാഡ്രിലാറ്ററൽ തന്നെ പിടിച്ചുനോക്കിയാൽ എന്താ എന്ന് മനസ് ചോദിച്ചു. ജീവിത പങ്കാളി ഫ്രെഡി വക കട്ട സപ്പോർട്ടും.

“ജീവിത യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തന്നെ ഡിപ്രഷനോട് പൊരുതാനാകും എന്നാണ് ഈ ചലഞ്ച് എന്നെ പഠിപ്പിച്ചത്. പ്രതീക്ഷകൾക്കൊത്ത് ജീവിതം മുന്നോട്ട് പോകാത്ത സന്ദർഭങ്ങളിൽ ഉത്കണ്ഠകളും നിരാശകളും നമ്മുടെ വഴി ഓഫ് റോഡാക്കും. ഒരു തരി ആത്മവിശ്വാസവും സ്വന്തം പാഷനിലുള്ള വിശ്വാസവും ഉണ്ടെങ്കിൽ അതിൽ മുറുകെ പിടിച്ച് കയറിവരാനാകും. മുൻപത്തേക്കാൾ എനർജിയോടെ,” ജീന പറയുന്നു.

“റൈഡിനിടെ ഉണ്ടായതിനേക്കാൾ ഏറെ തടസങ്ങൾ ഉണ്ടായത് യാത്രയ്ക്ക് മുൻപാണ്. നിന്നേക്കൊണ്ട് കഴിയില്ലെന്നും വേണ്ടെന്നും പലരും പറഞ്ഞു. ഒരു പെൺകുട്ടിയായതിനാലുണ്ടായ നിസ്സഹകരണം വാശിയായി എടുത്തു. കുറച്ചു സുഹൃത്തുക്കൾ ഒപ്പം നിന്നു. അവരിൽ പലർക്കും ഉള്ളിൽ ആശങ്കയുണ്ടായിരുന്നു. സുരക്ഷിതമായി തന്നെ റൈഡ് പൂർത്തിയാക്കണം എന്ന് മനസിൽ ഉറപ്പിച്ചു. അങ്ങനെ തന്നെ ചെയ്യാനായി. ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയില്ല എന്ന അവസ്ഥയിൽ നിന്നും ഒറ്റയ്ക്ക് പൊരുതി കയറുമ്പോൾ കിട്ടുന്ന ഹൈ പറഞ്ഞറിയിക്കാൻ കഴിയില്ല. ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സ്നേഹം ഉള്ളതുകൊണ്ടാണെന്ന് അറിയാം. എല്ലാം തിരിച്ചറിഞ്ഞ് നമ്മൾ ഒരു തീരുമാനം എടുക്കുന്നതിലാണ് കാര്യം. കൊവിഡ് ബാക്കി വെച്ച ബാഡ് വൈബ് മറികടക്കാൻ ശ്രമിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ ട്രിപ് അവർക്ക് വേണ്ടി കൂടിയാണ്,” തന്റെ റൈഡിനേക്കുറിച്ചുള്ള അനുഭവങ്ങൾ ഒരു പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് ജീന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us