ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച പോസ്റ്ററിൽ വീണ്ടും സൈദ്ധാന്തികൻ വി.ഡി. സവർക്കർ.
ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെ മാണ്ഡ്യയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിലാണ് സവർക്കറുടെ ചിത്രം രൂപപെട്ടത്. ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസിൻറെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ പോസ്റ്റർ തങ്ങൾ സ്ഥാപിച്ചതല്ല എന്നാണ് എം.എൽ.എ.യുടെ വിശദീകരണം.
പോസ്റ്ററിൽ സവർക്കർക്കൊപ്പം രാഹുൽ ഗാന്ധി, കർണാടക അധ്യക്ഷൻ ഡി. കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവറുടെയും ചിത്രങ്ങളുമുണ്ട്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി ഹാരിസ് എം.എൽ.എ രംഗത്തെത്തി- ഇത് ചെയ്തത് സാമൂഹ്യദ്രോഹികളാണ്. ഞങ്ങളല്ല. മാണ്ഡ്യയിൽ ഞങ്ങൾ പരാതി നൽകും.
മാണ്ഡ്യ മേഖലയിൽ നടന്ന യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. അതിനിടയാണ് സവർക്കറുടെ ചിത്രമുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായത്.
നേരത്തെ കേരളത്തിലും ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ സവർക്കറുടെ ചിത്രം ഇടംപിടിച്ചിരുന്നു. എറണാകുളം അത്താണിയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളോടൊപ്പമാണ് സവർക്കറുടെ ചിത്രവും ചേർത്തത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു. ബാനർ സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവർത്തകനാണെന്നും അബദ്ധത്തിൽ സംഭവിച്ച പിഴവാണെന്നുമാണ് നേതൃത്വം വിശദീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.